കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ട്വന്റി20 സ്ഥാനാർഥികൾ വോട്ട് ചോർത്തുമോയെന്ന ആശങ്കയുമായി മുന്നണികൾ. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്. ചാലക്കുടിയിൽ അഡ്വ. ചാർളി പോളും എറണാകുളത്ത് അഡ്വ. ആൻറണി ജൂഡിയും പ്രചാരണത്തിൽ സജീവമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. ഉറച്ച വിജയപ്രതീക്ഷ പുലർത്തിയ കുന്നത്തുനാട്ടിൽ വിജയിക്കാനായില്ലെങ്കിലും എട്ടിടത്തുനിന്നായി 1,45,664 വോട്ട് നേടാൻ സംഘടനക്കായി. ഏറ്റവും ശ്രദ്ധേയമായത് 42,701 വോട്ടുകൾ നേടിയ കുന്നത്തുനാട്ടിലെ പ്രകടനമാണ്. പെരുമ്പാവൂർ -20,536, കൊച്ചി -19,676, വൈപ്പിൻ -16,707, തൃക്കാക്കര -13,897, മൂവാറ്റുപുഴ -13,535, എറണാകുളം -10,634, കോതമംഗലം -7,978 എന്നിങ്ങനെയാണ് ട്വന്റി20 സ്ഥാനാർഥികൾ നേടിയ വോട്ട്. ഒരുപതിറ്റാണ്ട് മുമ്പ് കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ട്വന്റി20, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിൽ ഭരണത്തിലെത്തി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിനുപുറമേ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളുടെയും ഭരണം പിടിച്ചെടുത്തു. ഇതോടൊപ്പം അംഗസംഖ്യ തുല്യമായ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണവും ഇവരുടെ കൈകളിലെത്തി. കോലഞ്ചേരി, കിഴക്കമ്പലം ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും വിജയിച്ചു.
സംഘടനയെ സംബന്ധിച്ചിടത്തോളം ശക്തി തെളിയിക്കേണ്ടത് അത്യാവശ്യമായതിനാലാണ് സ്വന്തം സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നതെന്നാണ് നേതൃ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.