സൈനികരായ ഇരട്ട സഹോദരങ്ങളുടെ പരാക്രമം: മദ്യപിച്ച് ഓടിച്ച കാർ മറ്റൊരു കാറിലും ഡി​വൈഡറിലും ഇടിച്ചു, ആശുപത്രിക്ക് നാശനഷ്ടം വരുത്തി, പൊലീസുകാരെ മർദിച്ചു

ഹരിപ്പാട്: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം വരുത്തുകയും ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസുകാർക്ക് നേരെ അതിക്രമം കാട്ടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സൈനികരായ ഇരട്ട സഹോദരങ്ങൾ റിമാൻഡിൽ. ചിങ്ങോലി രാഗംവീട്ടിൽ അനന്തൻ(28), ജയന്തൻ (28) എന്നിവരാണ് റിമാൻഡിലായത്.

ഇവർ ഓടിച്ച കാർ നങ്ങ്യാർകുളങ്ങര കവലയിൽ മറ്റൊരു കാറിൽ ഇടിക്കുകയും പിന്നീട് നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. ഹരിപ്പാട് പൊലിസ് സ്ഥലത്തെത്തി മദ്യലഹരിയിലുള്ള ഇരുവരെയും ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കായി എത്തിച്ചു. വൈദ്യപരിശോധനക്കിടെ ഇവർ പരാക്രമം കാട്ടുകയും പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിക്കുകയും ചെയ്തു. ആശുപത്രിയുടെ വാതിലും തകർത്തു.

തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരായ ജയകുമാർ, രാകേഷ്, ഹോംഗർഡ് മണിക്കുട്ടൻ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഗുജറാത്ത്‌, രാജസ്ഥാൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇരുവരും ലീവിന് നാട്ടിലെത്തിയതാണ്. ആശുപത്രി ജീവനക്കാരെയും പൊലീസുകാരെയും മര്‍ദിച്ചതിനും ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതിനും ആശുപത്രിയിൽ നാശനഷ്ടം ഉണ്ടാക്കിയതിനും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Twin army brothers arrested for attacking police, hospital staff in Haripad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.