ആലപ്പുഴ: പുതുവത്സരദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലിടിച്ച് ബന്ധുക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ കോട്ടയം വേളൂർ ചുങ്കത്ത് മുപ്പത് അകംപാടം എഡ്വേർഡിന്‍റെ മകൻ ജസ്റ്റിൻ (അനിയച്ചൻ -38), കുമരകം പുത്തൻറോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകൻ ആഷിക് എഡ്വേർഡ് അലക്സ് (വാവച്ചി -20) എന്നിവരാണ് മരിച്ചത്. ജസ്റ്റിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ആഷിക്.
ഞായറാഴ്ച പുലർച്ച 3.30ന് ആലപ്പുഴ-മുഹമ്മ റോഡിൽ തലവടി ജങ്ഷന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്. ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ് ഡിവൈ.എസ്.പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത് എത്തിച്ചശേഷം തണ്ണീർമുക്കം വഴി ആലപ്പുഴയിലേക്ക് മടങ്ങവെ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ജസ്റ്റിനും അലക്സും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ റോഡരികിലെ വീടിന്‍റെ മതിലും തകർന്നു. ആര്യാട് മുൻ പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ അഡ്വ. എം. രവീന്ദ്രദാസിന്റെ വീടിന്‍റെ മതിലാണ് തകർന്നത്.
തെറ്റായദിശയിലൂടെ എത്തിയ ജീപ്പ് ബ്രേക്കിട്ടത്തിന്‍റെ അടയാളങ്ങളും റോഡിലുണ്ട്. പൊലീസ് ജീപ്പിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. അധികം വൈകാതെ അപകടത്തിൽപെട്ട ജീപ്പും ബൈക്കും സംഭവസ്ഥലത്തുനിന്നും മാറ്റി. പുതുവത്സാരാഘോഷത്തിന്‍റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ബീച്ച് ഫെസ്റ്റിൽ പങ്കെടുത്തശേഷമാണ് ബന്ധുക്കളായ ജസ്റ്റിനും ആഷിക്കും മടങ്ങിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ. നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റുമാനൂർ കൺസ്യൂമർഫെഡ് വെയർഹൗസ് ജീവനക്കാരനാണ് അനിയച്ചൻ. മാതാവ്: കുഞ്ഞമ്മ, സഹോദരൻ: ഗ്ലോഡിൻ. വാവച്ചി ഓപറേഷൻ തിയറ്റർ അസിസ്റ്റന്‍റ് കോഴ്സ് വിദ്യാർഥിയാണ്. സഹോദരി: ആഷ്ലി. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വേളൂർ പുളിനാക്കൽ സെന്‍റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.