പെട്ടിമുടി ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

മൂന്നാർ: പെട്ടിമുടി മണ്ണിടിച്ചിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി ഇന്ന് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇനി 20 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്.

പെട്ടിമുടിയിൽ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വിസ്തൃതിയിലാണ് പ്രധാനമായും തിരച്ചിൽ നടത്തുന്നത്.

ഇനി കണ്ടെത്താനുള്ളവരിലേറെയും കുട്ടികളാണ്. ദുരന്തം നടന്ന് അഞ്ച് ദിവസം ആയത് കൊണ്ട് തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. കനത്ത മഴയും വെള്ളക്കെട്ടും വലിയ പാറക്കൂട്ടങ്ങളും തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്. ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും ചേർന്ന് ഇന്ന് ഉച്ചക്ക് അവലോകന യോഗം ചേരും. ഇനിയും മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാഹചര്യത്തിൽ ഇനി എങ്ങനെയാണ് രക്ഷാ പ്രവര്‍ത്തനം തുടരേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.