‘കൊല്ലപ്പെട്ട ഈ കുഞ്ഞുങ്ങൾക്ക് അമ്മയില്ലേ? കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ?’ -രാജ്മോഹൻ ഉണ്ണിത്താൻ എം.പി

​കൊച്ചി: വീട്ടിൽ പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നുമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കെ.വി. കുഞ്ഞിരാമന്റെ പ്രതികരണത്തിനെതിരെ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ എന്നും കൊല്ലപ്പെട്ട ഈ കുഞ്ഞു​ങ്ങൾക്ക് അമ്മയി​ല്ലേ എന്നും അദ്ദേഹം ചോദിച്ചു.

‘ലോകത്ത് ബാക്കിയെല്ലാവരും അമ്മയില്ലാതെയാണോ ജനിച്ചത്? ഇവർ കൊലപ്പെടുത്തിയ കൃപേഷിനും ശരത് ലാലിനും അമ്മയില്ലേ? കെ.വി. കുഞ്ഞിരാമന് മാത്രമേ അമ്മയുള്ളൂ? കോൺഗ്രസിൽനിന്ന് കാലുമാറി കൊലക്കേസ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ. സി.കെ. ശ്രീധരന്റെ ആവനാഴിയിലെ അവസാനത്തെ അടവും തീർന്നതിനാൽ 19ാമത്തെ അടവായാണ് കുഞ്ഞിരാമന്റെ അമ്മയെ പറയുന്നത്. ലോകത്തെല്ലാവർക്കും അമ്മയുണ്ട്. ഇനി ഒരമ്മയ്ക്കും ഈ അവസ്ഥ വരരുത്’ -ഉണ്ണിത്താൻ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നും കുഞ്ഞിരാമന് വേണ്ടി ഹാജരായ അഡ്വ. സി.കെ. ശ്രീധരൻ ബോധിപ്പിചചത്. കുറ്റക്കാർക്കുള്ള ശിക്ഷ പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ ഇന്ന് 12.15ന് വിധിക്കും.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.

കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് 2024 ഡിസംബർ 28ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തിൽ സി.പി.എം ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരാണ് കുറ്റക്കാർ. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി.

വിചാരണ നേരിട്ട 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഒന്നാം പ്രതിയും പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എ. പീതാംബരൻ, രണ്ടാം പ്രതി പീതാംബരന്‍റെ സഹായി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനിൽകുമാർ, അഞ്ചാം പ്രതി ജിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിൻ, എട്ടാം പ്രതി സുബിൻ, 10ാം പ്രതി ടി. രഞ്ജിത്, 15ാം പ്രതി വിഷ്ണു സുര, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ കുറ്റക്കാരായി കണ്ടെത്തിയത്. കെ. മണികണ്ഠൻ 14ാം പ്രതിയും രാഘവൻ വെളുത്തോളി 21ാം പ്രതിയുമാണ്. കേസിലെ രണ്ടാംപ്രതിയെ സ്റ്റേഷനിൽനിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയ കുറ്റമാണ് 20ാം പ്രതിയായ മുൻ എം.എൽ.എ കുഞ്ഞിരാമനെതിരെ തെളിഞ്ഞത്.

ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾക്ക് വിചാരണ നേരിട്ട മുരളി, കുട്ടൻ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ശാസ്ത മധു എന്ന എ. മധു, റജി വർഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാർ, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

Tags:    
News Summary - periya twin murder case: rajmohan unnithan against kv kunhiraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.