പൂജിക്കാനെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടി; രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsകോട്ടയം: പൂജിക്കാനെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ആലപ്പുഴ മുഹമ്മ കണിയാകുളം ഭാഗത്ത് നായിക്കപ്പറമ്പിൽ വീട്ടിൽ കൃഷ്ണമ്മ (43), മുഹമ്മ ആര്യക്കര അമ്പലം ഭാഗത്ത് പുളിമൂട്ടിൽ എസ്. അജിത (50) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ജൂലൈ 10ന് പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ കത്തി, പുൽത്തൈലം തുടങ്ങിയവ വിൽക്കാനെത്തിയിരുന്നു. വീട്ടമ്മയുമായി സംസാരിച്ച് അടുപ്പം സ്ഥാപിച്ച് വീടിന് ദോഷമുണ്ടെന്നും പരിഹാരത്തിനായി സ്വർണാഭരണങ്ങൾ പൂജിക്കണമെന്നും വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച വീട്ടമ്മ സ്വർണാഭരണങ്ങള്‍ പൂജിക്കാൻ വീട്ടിലെ സെറ്റിയില്‍വെച്ചു. പൂജ പൂർത്തീകരിക്കണമെങ്കിൽ വീടിന്റെ പരിസരത്തുനിന്ന് കല്ലുകളോ മറ്റ് സാധനങ്ങളോകൂടി വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് വീട്ടമ്മ അതെടുക്കാൻ മാറിയ സമയം ഇവർ സെറ്റിയില്‍വെച്ച സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
കേസിൽ ഷാജിത ഷെരീഫ്, സുലോചന എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടരന്വേഷണത്തിലാണ് കൃഷ്ണമ്മയും അജിതയും കൂടെയുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. ഷാജിതയും സുലോചനയും വീട്ടിൽ കയറിയ സമയം കൃഷ്ണമ്മയും അജിതയും പരിസരം നിരീക്ഷിച്ച് വെളിയിൽ നിൽക്കുകയുമായിരുന്നു. മോഷ്ടിച്ച സ്വർണം അജിതയും കൃഷ്ണമ്മയും ചേർന്ന് കോട്ടയത്തെ സ്വർണക്കടയിൽ വിറ്റ് പണം നാലുപേരും ചേർന്ന് വീതിച്ചെടുത്തതായും പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.