കൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. മുൻ എം.എൽ.എ അടക്കം കേസിലെ മറ്റ് നാല് പ്രതികൾക്ക് അഞ്ച് വർഷം തടവും 10,000 രൂപ വീതം പിഴയും പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ വിധിച്ചു. പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം വിധിച്ചത്.
ഒന്നുമുതൽ എട്ടുവരെ പ്രതികളായ സി.പി.എം പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗം പെരിയ എച്ചിലടുക്കം എ. പീതാംബരൻ, പീതാംബരന്‍റെ സഹായി പെരിയ എച്ചിലടുക്കം സൗര്യം തോട്ടത്തിൽ സജി സി. ജോർജ്, എച്ചിലടുക്കം താന്നിത്തോട് വീട്ടിൽ കെ.എം. സുരേഷ്, എച്ചിലടുക്കം കെ. അനിൽകുമാർ, പെരിയ കല്ലിയോട്ട് വീട്ടിൽ ജിജിൻ, പെരിയ പ്ലാക്കത്തൊടിയിൽ വീട്ടിൽ ശ്രീരാഗ്, മലങ്കാട് വീട്ടിൽ എ. അശ്വിൻ, പുളിക്കൽ വീട്ടിൽ സുബീഷ്, 10ഉം 15ഉം പ്രതികളായ താനത്തിങ്കൽ വീട്ടിൽ രഞ്ജിത്, കള്ളിയോട്ട് വീട്ടിൽ എ. സുരേന്ദ്രൻ എന്നിവരെയാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതികൾക്ക് വിവിധ വകുപ്പുകളിൽ കൂടുതൽ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് ജീവപര്യന്തം തടവ് അനുഭവിച്ചാൽ മതിയാവും.
കേസിലെ 14, 20, 21, 22 പ്രതികളായ ഡി.വൈ.എഫ്.ഐ നേതാവ് മണികണ്ഠൻ, ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, പാക്കം കിഴക്കേ വീട്ടിൽ രാഘവൻ വെളുത്തോളി, പാക്കം സ്വദേശി കെ.വി. ഭാസ്കരൻ എന്നിവരെയാണ് അഞ്ച് വർഷം കഠിന തടവിനും 10,000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രതിഭാഗത്തുനിന്നടക്കം 158 സാക്ഷികളെ വിസ്തരിച്ചും 666 പ്രോസിക്യൂഷൻ രേഖകളും 83 തൊണ്ടി മുതലുകളും പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവർ കൊല്ലപ്പെട്ടത്.
പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.
ഒന്നാം പ്രതി സി.പി.എം പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ,
രണ്ടാം പ്രതി പീതാംബരന്‍റെ സഹായി സി.ജെ. സജി,
മൂന്നാം പ്രതി കെ.എം. സുരേഷ്,
നാലാം പ്രതി കെ. അനിൽകുമാർ,
അഞ്ചാം പ്രതി ജിജിൻ,
ആറാം പ്രതി ശ്രീരാഗ്,
ഏഴാം പ്രതി എ. അശ്വിൻ,
എട്ടാം പ്രതി സുബിൻ,
10ാം പ്രതി ടി. രഞ്ജിത്,
14ാം പ്രതി കെ. മണികണ്ഠൻ
15ാം പ്രതി വിഷ്ണു സുര,
20ാം പ്രതി മുൻ എം.എൽ.എ കുഞ്ഞിരാമൻ
21ാം പ്രതി രാഘവൻ വെളുത്തോളി
22ാം പ്രതി കെ.വി. ഭാസ്കരൻ
വെറുതെ വിട്ടവർ
ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾക്ക് വിചാരണ നേരിട്ട മുരളി, കുട്ടൻ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ശാസ്ത മധു എന്ന എ. മധു, റജി വർഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാർ, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
2019 ഫെബ്രുവരി 17: രാത്രി 7.45ന് കല്യോട്ടെ പി.വി. കൃഷ്ണന്റെ മകൻ കൃപേഷ് (19) എന്ന കിച്ചു, പി.കെ. സത്യനാരായണന്റെ മകൻ ശരത്‌ലാൽ എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്കൂൾ -ഏച്ചിലടുക്കം റോഡിൽ ഒരു സംഘമാളുകൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി.
ഫെബ്രുവരി 18: സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ. സജി (സജി ജോർജ് -40) എന്നിവർ അറസ്റ്റിലായി.
ഫെബ്രുവരി 19: പീതാംബരനെയും സജി ജോർജിനെയും സി.പി.എം പുറത്താക്കി.
ഫെബ്രുവരി 21: സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നു. എസ്.പി വി.എം. മുഹമ്മദ് റഫീഖിന് അന്വേഷണച്ചുമതല.
മാർച്ച് 02: അന്വേഷണത്തിൽ സി.പി.എമ്മിന് തൃപ്തിയില്ല. അന്വേഷണ തലവനായ എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു.
മാർച്ച് 03: അന്വേഷണ സംഘത്തെത്തന്നെ മാറ്റി. ഡിവൈ.എസ്.പിക്കും സി.ഐമാർക്കും മാറ്റം.
ഏപ്രിൽ 01: അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചു.
മേയ് 14: സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുന്നു.
മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾക്കെതിരെയായിരുന്നു കുറ്റപത്രം.
സെപ്റ്റംബർ 30: ഹൈകോടതി സിംഗ്ൾ ബെഞ്ച് പെരിയ കേസ് സി.ബി.ഐക്ക് വിടുന്നു.
ഒക്ടോബർ 29: സി.ബി.ഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാറിന്റെ അപ്പീൽ. പിന്നീട് ഈ അപ്പീൽ തള്ളുന്നു.
സെപ്റ്റംബർ 12: സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തടസ്സഹരജിയുമായി കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ രംഗത്ത്.
ഡിസംബർ 01: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
2021 ഡിസംബർ 03: സി.ബി.ഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.
2023 ഫെബ്രുവരി 02: കൊച്ചി സി.ബി.ഐ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങി.
2024 ഡിസംബർ 28: കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. 10 പേരെ വെറുതെവിട്ടു.
2025 ജനുവരി 3: ശിക്ഷ വിധി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.