കട്ടപ്പന: കട്ടപ്പന ഗവ. കോളജിൽ പ്രിൻസിപ്പലിനെ ആറ് മണിക്കൂർ മുറിയിൽ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം. കോളജ് യൂനിയൻ ചെയർമാൻ കെ.ബി. ജിഷ്ണു ഉൾപ്പെടെ രണ്ടുപേരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. വൈകീട്ട് നാലരയോടെ പൊലീസ് നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു.
ബുധനാഴ്ച രാവിലെ 10.30 മുതലാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്. തങ്ങൾ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി എന്ന കോളജ് അധികൃതരുടെ പരാതി വ്യാജമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. സസ്പെൻഷൻ പിൻവലിക്കില്ലെന്ന് കോളജ് കൗൺസിൽ പ്രഖ്യാപിച്ചതോടെ സമരം തീർക്കാൻ പൊലീസ് ആദ്യവട്ടം നടത്തിയ ചർച്ച ധാരണയിലെത്തിയില്ല.
പ്രിൻസിപ്പലിനെ പുറത്തുവിടില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി. ഇതോടെ, പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി. പൊലീസ് വീണ്ടും നടത്തിയ ചർച്ചയിൽ സസ്പെൻഷൻ കാലാവധി എട്ട് ദിവസത്തിൽനിന്ന് അഞ്ച് ദിവസമായി കുറക്കാൻ ധാരണയായി. ഉടൻ പി.ടി.എ ചേരാനും തീരുമാനിച്ചു. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ കാമ്പസിലെത്താം എന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വൈകിയെത്തിയെന്ന് പറഞ്ഞ് രണ്ട് വിദ്യാർഥിനികളെ ഹോസ്റ്റലിൽ കയറ്റാനാകില്ലെന്ന് റെസിഡന്റ് ട്യൂട്ടർ അറിയിച്ചതാണ് സമരത്തിലേക്ക് നയിച്ചത്. ഹോസ്റ്റൽ സമയം വൈകീട്ട് ആറ് ആണ്. എന്നാൽ, ഒരു മിനിറ്റ് മാത്രമാണ് വൈകിയതെന്ന് വിദ്യാർഥിനികൾ പറയുന്നു.
ഇത് ചോദ്യം ചെയ്യാനെത്തിയ കോളജ് യൂനിയൻ ചെയർമാൻ ജിഷ്ണുവും എസ്.എഫ്.ഐ പ്രവർത്തകൻ രഞ്ജിത്തും വാർഡന്റെ ചുമതലയുള്ള അധ്യാപികയുമായി തർക്കമായി. പിന്നീട് ഇവർ റെസിഡന്റ് ട്യൂട്ടറുടെ ചുമതലയുള്ള അധ്യാപികയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയെന്നും കോളജ് കൗൺസിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ജിഷ്ണുവിനെയും രഞ്ജിത്തിനെയും എട്ട് ദിവസത്തേക്ക് പ്രിൻസിപ്പൽ പ്രഫ. വി. കണ്ണൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.