കേരള പൊലീസിന്റെ അഭിമാനം ഉയർത്തി രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്. മലബാർ സ്പെഷ്യൽ പൊലീസിൽ നിന്ന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാറും ഇടുക്കി ശാന്തൻപാറ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി കെ അനീഷുമാണ് സിവിൽ സർവീസിലേയ്ക്ക് പ്രവേശിക്കുന്നത്.
നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാർ പതിനൊന്നാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് എത്തുന്നത്. കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 2017ൽ പൊലീസിൽ ചേർന്നു. തൃശൂരിലെ പൊലീസ് പരിശീലനകേന്ദ്രത്തിൽ രണ്ടുവർഷം സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ എത്തിയത്. മുൻ എംഎസ്പി കമാന്റന്റ് അബ്ദുൽ കരീം, എസ്ഐഎസ്എഫ് കമാന്റന്റ് സിജിമോൻ ജോർജ് എന്നിവരുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് തനിക്ക് ഈ വിജയം നേടാൻ കഴിഞ്ഞതെന്ന് ആനന്ദ് പറഞ്ഞു.
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ അനീഷ് ഇപ്പോൾ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. 59-ാം റാങ്കാണ് അദ്ദേഹത്തിന് ലഭിച്ചത്. രാജകുമാരി എൻഎസ്എസ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ബിരുദവും തൊടുപുഴ ഐഎച്ച്ആർഡിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയശേഷം 2005ലാണ് പൊലീസിൽ പ്രവേശിച്ചത്. വിജയത്തിൽ സഹപ്രവർത്തകരുടെ സഹായസഹകരണങ്ങൾ അനീഷ് നന്ദിപൂർവ്വം സ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.