കുളത്തൂപ്പുഴ (കൊല്ലം): കാടുകാണാനെത്തിയ വിദ്യാര്‍ഥി സംഘത്തിലെ ഒഴുക്കില്‍പെട്ട നാലുപേരില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ ടെക്നിക്കല്‍ ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളായ ഏഴംകുളം പൊയ്കയില്‍ വീട്ടില്‍ ബിജു മാത്യു - സൂസി ദമ്പതികളുടെ മകന് റൂബന്‍ ബിജു (15), കണ്ടന്‍ചിറ റോഷ്ന മന്‍സിലില്‍ ഷറഫുദ്ദീന് - നാസിയ ദമ്പതികളുടെ മകന് മുഹമ്മദ് റോഷന് (16) എന്നിവരാണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി.
പുഴയോരത്തുകൂടി തോളില്‍ കൈയിട്ടുപോവുകയായിരുന്ന റോഷനും റൂബനും ചളിയില്‍ തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സാംനഗര്‍ സ്വദേശി അദ്വൈത് വിജയ്, ചിതറ സ്വദേശി സൗരവ് എന്നിവര്‍കൂടി ഒഴുക്കില്‍പെട്ടു. സഹപാഠി ധനീഷ് ഇവരെ രണ്ടുപേരെയും രക്ഷിച്ചെങ്കിലും മറ്റു രണ്ടുപേരും പുഴയിലെ കയത്തില്‍ പെടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 10.30 ഓടെ കല്ലടയാറ്റില്‍ കല്ലുവെട്ടാംകുഴി സരസ്വതി കടവിനു സമീപത്തായിരുന്നു അപകടം. സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ ശാസ്ത്രോത്സവം കഴിഞ്ഞ ദിവസം സമാപിച്ചതിനാല്‍ തിങ്കളാഴ്ച കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂൾ അവധിയായിരുന്നു. രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞ് വീടുകളില്നിന്നുമിറങ്ങിയ പത്തംഗ സംഘം സ്കൂളിനു ഏറെ അകലെയായുളള പുഴക്കടവില്‍ എത്തുകയായിരുന്നു.
വനത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് സമീപത്ത് പ്രദേശവാസികളോ നീന്തല്‍ അറിയാവുന്നവരോ ഉണ്ടായിരുന്നില്ല. സംഘത്തിലെ മറ്റു വിദ്യാർഥികൾ അരകിലോമീറ്റർ വനപാതയിലൂടെ സഞ്ചരിച്ച് കല്ലുവെട്ടാംകുഴി ജങ്ഷനിലെത്തി അപകടം വിവരം അറിയിക്കുകയായിരുന്നു.
കുളത്തൂപ്പുഴ സി.ഐ അനീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പുഴയില്‍ ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർഥികളെ കണ്ടെത്താനായത്. കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മുഹമ്മദ് റോഷന്റെ മൃതദേഹം രാത്രി ഒമ്പതരയോടെ മൈലമൂട് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരി: റോഷ്ന. റൂബൻ ബിജുവിന്റെ മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിച്ച് വൈകീട്ട് മൂന്നിന് ഏഴംകുളം ഷാരോൺ സഭാ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരി: റൂഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.