മീനച്ചിലാറ്റില്‍ രണ്ട്​ വിദ്യാർഥികള്‍ മുങ്ങിമരിച്ചു

ഏറ്റുമാനൂർ: മീനച്ചിലാറ്റില്‍ കുളിക്കാനെത്തിയ നാല്​ വിദ്യാർഥികളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ സുനിലിന്റെ മകന്‍ നവീന്‍ സുനില്‍ (15), ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തില്‍ ലിജോയുടെ മകന്‍ അമല്‍ ലിജോ (16) എന്നിവരാണ് മരിച്ചത്.

മീനച്ചിലാറ്റില്‍ പേരൂര്‍ പള്ളിക്കുന്ന് കടവില്‍ വ്യാഴാഴ്ച ഉച്ചക്ക്​ ഒന്നോടെയായിരുന്നു സംഭവം. അമലും നവീനും മറ്റു രണ്ട്​ കൂട്ടുകാരോടൊപ്പമാണ് കുളിക്കാനെത്തിയത്. ആറ്റിലേക്ക്​ നീണ്ടുനില്‍ക്കുന്ന പാറക്കെട്ടിലിരുന്ന്​ സംസാരിച്ചുകൊണ്ടിരിക്കവേ അമലും നവീനും കാല്‍കഴുതി വെള്ളക്കെട്ടിലേക്ക്​ പതിക്കുകയായിരുന്നു. ആഴവും ഒഴുക്കും കൂടിയ ഭാഗത്തേക്ക്​ വീണ ഇവര്‍ മുങ്ങിത്താഴുന്നതുകണ്ട് സുഹൃത്തുക്കള്‍ നിലവിളിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ കടവില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്നവര്‍ ഓടിയെത്തി ഇരുവരെയും കരക്കുകയറ്റിയെങ്കിലും രക്ഷിക്കാനായില്ല.

നവീന്‍ മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിലെ വിദ്യാർഥിയാണ്. പിതാവ് സുനില്‍ മീനടം പഞ്ചായത്തിലെ എന്‍ജിനീയറിങ്​ വിഭാഗം ഓവര്‍സിയറാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അനുവാണ് മാതാവ്​. സഹോദരി: നമിത (പേരൂര്‍ സെന്‍റ്​ സെബാസ്റ്റ്യന്‍ സ്‌കൂൾ വിദ്യാർഥി). അമല്‍ ഏറ്റുമാനൂര്‍ ഗവ. ബോയ്​സ്​ സ്​കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. പിതാവ്: ലോട്ടറി തൊഴിലാളി ലിജോ. മാതാവ്​: ലീലാമ്മ. സഹോദരങ്ങള്‍: അനന്യ, അനീന.

Tags:    
News Summary - two students drowned to death in Meenachil River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.