ഒന്നാവാൻ കാത്ത് രണ്ടു ഗ്രാമങ്ങൾ

കായലിനോട് തൊട്ടുരുമ്മി രണ്ടു ഗ്രാമങ്ങൾ. തൃശൂർ ജില്ലയുടെ പടിഞ്ഞാറൻ അതിർത്തിയിലെ തെക്കേ അറ്റമായ അഴീക്കോട് ജെട്ടി ഇപ്പുറം. അപ്പുറത്ത് എറണാകുളത്തിന്‍റെ അതിർത്തി ഗ്രാമമായ മുനമ്പം പള്ളിപ്പുറം. മുസ്രിസ് പൈതൃകം പേറുന്ന നാടാണ് അഴീക്കോട്.

മുനമ്പം പള്ളിപ്പുറമാകട്ടെ മട്ടാഞ്ചേരിയുടെ പാരമ്പര്യത്തിൽ ഊറ്റംകൊള്ളുന്നു. രണ്ടും പുകൾപെറ്റ തുറമുഖ ഗ്രാമങ്ങൾ. കല -സാംസ്കാരിക ഔന്നത്യവുമുണ്ട്, രണ്ടിനും. രണ്ടു ഗ്രാമവും തമ്മിലെ കൊടുക്കൽ വാങ്ങലിന് വൈദേശികാധിനിവേശ കാലത്തോളം ചരിത്രമുണ്ട്.

പേരുകേട്ട മത്സ്യവിപണന കേന്ദ്രങ്ങൾ കൂടിയായ തീരഗ്രാമങ്ങളെ കാഞ്ഞിരപ്പുഴ രണ്ടാക്കുമ്പോഴും ഗ്രാമവാസികളുടെ ഊഷ്മള ബന്ധത്തിന്‍റെ സുന്ദര ആവിഷ്കാരങ്ങളേറെയാണ്.

ജീവിതം തേടി ഇരുകരക്കാരും അങ്ങോട്ടും ഇങ്ങോട്ടും കായൽ കടക്കുമ്പോൾ രണ്ടു സംസ്കൃതികൾ തമ്മിലെ ഉൾച്ചേരൽ കൂടിയാണത്. ഈ ജീവയാത്രക്ക് ഗതിവേഗം വേണമെന്ന തിരിച്ചറിവാണ് പാലം അനിവാര്യമാണെന്ന ആവശ്യത്തിന് ഊന്നലാകുന്നത്.

തൃശൂർ -എറണാകുളം ജില്ലകളുടെ തീരമേഖലകളെ ബന്ധിപ്പിക്കുന്ന ഏക യാത്രമാർഗമായ അഴീക്കോട് -മുനമ്പം കടത്തിന് ഏഴു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കടത്തുവഞ്ചിയിലായിരുന്ന ഗതാഗതം 1970കളുടെ മധ്യത്തോടെയാണ് ബോട്ടിലേക്ക് മാറിയത്.

കാഞ്ഞിരപ്പുഴക്ക് കുറുകെയുള്ള കടത്ത് പഞ്ചായത്ത് ഏറ്റെടുത്ത് വ്യക്തികൾക്ക് കരാർ നൽകിയാണ് ബോട്ട് സർവിസിന് തുടക്കമിട്ടത്. കായലിന് നടുവിൽ കാലങ്ങൾക്കു മുമ്പ് രൂപംകൊണ്ട മണൽത്തിട്ട സുഗമമായ സർവിസിന് തടസ്സമായതോടെ 550 മീറ്റർ വീതിയുള്ള പുഴ കടക്കാൻ ഒരു കിലോമീറ്ററോളം അഴിമുഖം ചുറ്റേണ്ട അവസ്ഥയായി.

രണ്ടര പതിറ്റാണ്ടോളം തുടർന്ന ബോട്ട് സർവിസ് ഇടക്കാലത്ത് നിലച്ചു. പിന്നീട് സ്വകാര്യ സർവിസുകൾ രംഗം ഏറ്റെടുത്തു. 1990കളിൽ മച്ചുവകളും യന്ത്രവത്കൃത ചെറുവള്ളങ്ങളും സമാന്തര സർവിസും കായൽ നിറഞ്ഞതോടെ യാത്രക്ക് അപകടഗന്ധം കൂടി.

1991ൽ കടത്തുവള്ളം മറിഞ്ഞ് നാലുപേർ മരിച്ചതോടെ അധികൃതർക്ക് ബോധോദയമുണ്ടായി. വീണ്ടും പൊതു ജലഗതാഗത സംവിധാനമെന്ന ആവശ്യത്തിന് മുറവിളി ഉയർന്നു. ഇതോടെ വാഹനങ്ങൾക്കുകൂടി കര കടക്കാൻ ബോട്ടുചങ്ങാട സർവിസ് വന്നു.

ജില്ല പഞ്ചായത്തിന്‍റെ ആദ്യ രൂപമായ ജില്ല കൗൺസിലിന്‍റെ അധീനതയിലാണ് ചങ്ങാടം സർവിസ് തുടങ്ങിയത്. ഫെറി ചാലിൽനിന്ന് മണൽ നീക്കി 2000 മാർച്ചിലാണ് ചങ്ങാടം ഓടിത്തുടങ്ങിയത്. നാലുവർഷം നീണ്ട സർവിസ് മണൽത്തിട്ടയിൽ തട്ടി നിലച്ചു. തുടർന്നാണ് ജങ്കാറിന്റെ രംഗപ്രവേശം.

ജില്ല പഞ്ചായത്തിന് കീഴിൽ സ്വകാര്യ വ്യക്തിയുടെ കരാറിലാണ് ജങ്കാർ സർവിസ് തുടങ്ങിയത്. 2004ൽ ജില്ല പഞ്ചായത്ത് യു.ഡി.എഫ് ഭരിച്ച കാലത്ത് ജങ്കാർ കേടായി ഗതാഗതം നാലുമാസം പാടേ നിലച്ചു. തുടർന്ന് അറ്റകുറ്റപ്പണിയെ ചൊല്ലിയുണ്ടായ വിവാദങ്ങൾ അഴിമതി ആരോപണങ്ങളിലേക്കും വിജിലൻസ് അന്വേഷണത്തിലേക്കും നീണ്ടു.

1.47 കോടിയുടെ ജങ്കാറിന്‍റെ അറ്റകുറ്റപ്പണിക്ക് ഫിറ്റ്നസ് കാലാവധിക്ക് മുമ്പുവരെ 1.10 കോടി ചെലവിട്ടു. ഫിറ്റ്നസ് കാലാവധി കഴിഞ്ഞ് ഏഴുമാസത്തിനു ശേഷം 1.60 കോടി ചെലവഴിച്ചാണ് ജങ്കാർ പുതുക്കിപ്പണിതത്. രണ്ടു വർഷത്തോളം നീണ്ട യാത്ര മറ്റൊരു അപകടത്തിൽ കലാശിച്ചതോടെ നിലച്ചു.

വിവിധ കോണുകളിൽ നിന്നും നിരന്തരമായുയർന്ന മുറവിളികൾക്കും സമര പരമ്പരകൾക്കുമൊടുവിൽ അന്നത്തെ ഇടതു സർക്കാറിലെ എം.എൽ.എയും റവന്യൂ മന്ത്രിയുമായിരുന്ന കെ.പി. രാജേന്ദ്രൻ മുൻകൈയെടുത്താണ് സൂനാമി ഫണ്ടിൽനിന്ന് 1.47 കോടി ചെലവിട്ട് പുതിയ ജങ്കാർ നിർമിച്ച് നൽകിയത്.

2008ൽ ജങ്കാർ ഓടിത്തുടങ്ങിയെങ്കിലും കരാറിലെ ദുർബല വ്യവസ്ഥകൾ കരാറുകാർക്ക് അനുഗ്രഹമായി. സർവിസ് സ്തംഭനം തുടർക്കഥയുമായി. ജില്ല പഞ്ചായത്തിൽ ഇടതുഭരണ കാലത്തും പ്രശ്ന സങ്കീർണമായിരുന്നു ജങ്കാർ സർവിസ്. ചില ഘട്ടങ്ങളിൽ ഈ വിഷയത്തിൽ സി.പി.എം -സി.പി.ഐ തർക്കം മറനീക്കി മേഖലയിലെ യാത്രയെ സാരമായി ബാധിക്കുന്ന തലത്തോളം വളർന്നു.

നിലവിൽ കരാർ പ്രകാരം ജങ്കാർ സർവിസുണ്ട്. ഒരു വർഷമായി കാര്യമായി പ്രശ്നങ്ങളില്ല. അതേസമയം, കാലാവസ്ഥക്കൊത്ത് കായലിനും കാറ്റിനും ഭ്രാന്ത് പിടിക്കുമ്പോൾ ഇടക്കിടെ ജങ്കാർ നിർത്തിവെക്കും. അതിനപ്പുറം ഭരണ- പ്രതിപക്ഷ കക്ഷികൾക്ക് ജങ്കാർ വൻ ചാകരയുമാണ്.

ഇടക്കിടെ അറ്റകുറ്റപ്പണിയുടെ പേരിൽ ലക്ഷങ്ങൾ ചെലവാകും. അങ്ങോട്ടുമിങ്ങോട്ടും ആരോപണ പ്രത്യാരോപണം ഉയർത്തുമ്പോഴും ശാശ്വത പരിഹാരമായ പാലത്തിനുവേണ്ടി ആരും ആത്മാർഥതയോടെ ശ്രമിക്കാത്തതെന്തെന്ന് എന്ന് അന്വേഷിച്ചാൽ കഥകളുടെ ചുരുളഴിയും.

നാളെ

അഞ്ചു തലമുറകളുടെ സമരാവേശം

Tags:    
News Summary - Two villages waiting to become one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.