പാലക്കാട്: ‘മുകളിൽ കൊടി നാട്ടിയേ വരൂ’വെന്ന് പറഞ്ഞ് ചേറാട് കുർമ്പാച്ചി മല കയറിയ ബാബു 46 മണിക്കൂറിനുള്ളിൽ ആ മലയുടെ പേര് തന്നെ തന്റെ പേരിനോട് ചേർത്തുവെച്ചിട്ട് രണ്ട് വർഷം. അപൂർവമായ ആ ‘നേട്ട’ത്തിന് പിറകിൽ രണ്ട് ദിവസത്തോളം നീണ്ട നാടകീയ സംഭവങ്ങൾ ഒരുപാടുണ്ടായിരുന്നു. ‘ബാബു മല’ ഉണ്ടായ ശേഷം ഒരു പാട് പരിഹാസം കേട്ടെന്ന് പറയുന്ന ഈ 26 കാരൻ മല കയറാൻ തോന്നിയ നിമിഷത്തെ പഴിക്കുകയാണിപ്പോൾ.
2022 ഫെബ്രുവരി ആറിനാണ് സുഹൃത്തുക്കൾക്കൊപ്പം കുർമ്പാച്ചി മല കയറിയത്. സുഹൃത്തുക്കൾ മലയിറങ്ങിയെങ്കിലും ബാബു കാൽ വഴുതി പാറയിടുക്കിൽ കുടുങ്ങി. താൻ കുടുങ്ങിയ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചതോടെ സംഭവ പരമ്പരകൾക്ക് തുടക്കമായി.
കോസ്റ്റ്ഗാർഡ് ഹെലികോപ്ടറിന്റെ ശ്രമം വിഫലമായതോടെ സൈന്യത്തിന്റെ 45 മണിക്കൂറിലേറെ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് രക്ഷിക്കാനായത്. ഒരാളെ രക്ഷിക്കാന്‍ ഇത്രയും സമയവും പണവും സംവിധാനവും സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് ആദ്യമായിരുന്നു.
മല കയറ്റം നല്ല ഓർമയായിരുന്നെങ്കിലും രണ്ട് വർഷമായിട്ടും പരിഹാസം തുടരുകയാണെന്ന് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘മല എന്റെ പേര് ചേർത്ത് വിളിക്കുന്നതിൽ സന്തോഷമൊന്നുമില്ല. ഇടയ്ക്ക് കഞ്ചിക്കോട്ടെ വെൽഡിങ് ഫാക്ടറിയിൽ പോയിരുന്നെങ്കിലും കാഴ്ചയെ ബാധിച്ചതോടെ നിർത്തി. മല കയറിയതിനെത്തുടർന്നുള്ള കാല് വേദന തുടരുകയാണ്.
വനമേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. കേസെടുക്കില്ലെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും നടന്നില്ല. വിദേശത്ത് പോകാനുള്ള പാസ്പോർട്ട് വെരിഫിക്കേഷൻ മുടങ്ങുന്നു. ജോലിയില്ലാത്തതിലെ മാനസിക സമ്മർദം മൂലം ചില സംഭവങ്ങളുണ്ടായെങ്കിലും ഇപ്പോൾ കുഴപ്പമില്ല’’ -ബാബു പറഞ്ഞു.
സാമ്പത്തിക ബാധ്യതയെത്തുടർന്ന് നട്ടം തിരിയുകയാണ് കുടുംബം. ശാരീരികാസ്വാസ്ഥ്യങ്ങളേറെയുള്ള മാതാവ് റഷീദ വീട്ടുജോലിക്ക് പോവുകയാണ്. അനിയൻ ഷാജി ഇലക്ട്രീഷ്യനാണ്. മല കയറുന്ന സമയത്ത് ചേറാട് മലക്ക് കീഴെയായിരുന്നു വാടകക്ക് താമസം. പിന്നീട് ഒരു വർഷത്തിലേറെ പൂത്തൂരിൽ. ഇപ്പോൾ മന്ദക്കരയിലെ വാടക വീട്ടിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.