കൊച്ചി: മാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാംപുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.
കൊച്ചി സിറ്റി ഡാൻസാഫും ചേരാനല്ലൂർ പൊലീസും എടയക്കുന്നം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ആലുവ എടയാർ ചേന്ദാംപള്ളി വീട്ടിൽ അമീർ (23), പള്ളിമുറ്റം വീട്ടിൽ ഫയാസ് (22) എന്നിവർ പിടിയിലായത്.
അഞ്ച് എൽ.എസ്.ഡി സ്റ്റാംപും കഞ്ചാവും ഇവരിൽനിന്ന് കണ്ടെടുത്തു.
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് വാങ്ങുന്ന മയക്കുമരുന്നുകൾ പാനായിക്കുളം, ബിനാനിപുരം, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കടന്നുകളയാൻ ശ്രമിച്ച അമീറിനെ സാഹസികമായാണ് പിടികൂടിയത്. ചേരാനല്ലൂരിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമീർ മാസങ്ങളായി ഈ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തിവരുകയായിരുന്നു.
വിദ്യാർഥികൾക്കും യുവാക്കൾക്കും സിന്തറ്റിക് ഡ്രഗ്സ് വിൽപന നടത്തുന്നതായി കൊച്ചി സിറ്റി പൊലിസ് കമീഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഡാൻസാഫ് ആഴ്ചകളായി അന്വേഷണം നടത്തിവരുകയായിരുന്നു.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ ഐശ്വര്യ ഡോങ്റേയുടെ നിർദേശപ്രകാരം നാർേകാട്ടിക് അസി.കമീഷണർ കെ.എ. തോമസ്, ഡാൻസാഫ് എസ്.ഐ. ജോസഫ് സാജൻ, ചേരാനല്ലൂർ എസ്.ഐ കെ.എം. സന്തോഷ്മോൻ, എ.കെ. എൽദോ, എ.എസ്.ഐ വിജയകുമാർ, സി.പി.ഒ അനീഷ്, ഷമീർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 നമ്പറിൽ വാട്സ്ആപ് ഫോർമാറ്റിെല യോദ്ധാവ് ആപ്പിലേക്ക് വിഡിയോ ആയോ ഓഡിയോ ആയോ വിവരങ്ങൾ അയക്കണമെന്ന് പൊലീസ് അറിയിച്ചു.
കൂടാതെ 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാം. വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കമീഷണർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.