അങ്കമാലി: മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ ബസിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് കയറി ദാരുണാന്ത്യം. അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു.
ബൈക്കോടിച്ചിരുന്ന അങ്കമാലി കറുകുറ്റി എടക്കുന്ന് പാദുവാപുരം പള്ളിയാൻ വീട്ടിൽ മനോജിന്റെ മകൻ ഫാബിൻ മനോജ് (18), അങ്കമാലി മൂക്കന്നൂർ കോക്കുന്ന് മൂലൻ വീട്ടിൽ മാർട്ടിൻ്റെ മകൻ അലൻ (18) എന്നിവരാണ് മരിച്ചത്. ഫാബിൻ സംഭവസ്ഥലത്തും അലൻ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മഞ്ഞപ്ര ഭാഗത്ത് നിന്ന് അങ്കമാലിക്ക് വരുമ്പോൾ തുറവൂർ തലക്കോട്ട് പറമ്പിന് സമീപം ഉതുപ്പ് കവല പെട്രോൾ ബങ്കിന് സമീപമായിരുന്നു അപകടം. ബസിൽ തട്ടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം സമീപത്തെ വൈദ്യുതിതൂണിൽ ഇടിച്ചു കയറി റോഡിൽ തെറിച്ചു വീഴുകയായിരുന്നുവത്രെ.
വൈദ്യുതി പോസ്റ്റിൽ ഇടിച്ച ഫാബിന്റെ തല പിളർന്നതോടെ തൽക്ഷണം മരണം സംഭവിച്ചു. അവശനിലയിലായ അലനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സാരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ കാളാർകുഴി ചുള്ളി വീട്ടിൽ രഘുവിനെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂൾ സഹപാഠികളായ ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഏകദേശം നാല് കിലോമീറ്ററോളം ദൂരത്താണ് ഇരുവരുടെയും വീടുകൾ. മരണമടഞ്ഞ ഫാബിൻ പ്ലസ് ടു കഴിഞ്ഞ ശേഷം വിദേശത്തേക്ക് പോകുന്നതിനായി റെയിൻലാൻഡ് ജർമൻ സ്കൂളിൽ ജർമൻ ഭാഷ പഠിക്കുകയാണ്. ഡ്രൈവിങ് ലൈസൻസ് കിട്ടിയതിനെത്തുടർന്ന് അടുത്തിടെയാണ് പുത്തൻ ബൈക്ക് വാങ്ങിയത്.
മാതാവ്: ദീപ (ഇറ്റലി). സഹോദരങ്ങൾ: ഡോണ, സെബിൻ. മരണമടഞ്ഞ അലൻ ഏക മകനാണ്. മാതാവ്: സിസിലി. ഇരുവരുടെയും മൃതദേഹങ്ങൾ അങ്കമാലിയിലെ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.