ഇരിട്ടി (കണ്ണൂർ): അയ്യങ്കുന്നിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ മാവോവാദികളും തണ്ടർബോൾട്ട് സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ആദ്യത്തേതിൽ എട്ടു മാവോവാദികൾക്കെതിരെ യു.എ.പി.എ ചുമത്തി. രണ്ടാമത്തെ ഏറ്റുമുട്ടലിൽ യു.എ.പി.എ പ്രകാരം കേസെടുത്തെങ്കിലും മാവോവാദികളുടെ എണ്ണം രേഖപ്പെടുത്തിയിട്ടില്ല.
മാവോവാദി കബനിദളം കമാൻഡന്റ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘവുമായാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും എട്ടുപേരിൽ മറ്റൊരാളുടെ പേരും പരാമർശിക്കുന്നില്ല. ആദ്യ ഏറ്റുമുട്ടൽ രാവിലെ 9.30നും 10നും ഇടയിലാണ് നടന്നത്. രണ്ടാമത്തെ ഏറ്റുമുട്ടൽ രാത്രി 10നും ഉണ്ടായെന്നാണ് മാവോവാദി വിരുദ്ധസേന ഡി.ഐ.ജി പുട്ട വിമലാദിത്യ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ആദ്യ ഏറ്റുമുട്ടലിന് ശേഷം ഉൾവനത്തിലേക്ക് ഓടിപ്പോയ മാവോവാദി സംഘം രാത്രി വീണ്ടും വെടിവെക്കുകയായിരുന്നു.
മേഖല ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ചോരപ്പാടുകൾ കണ്ടെത്തിയിരുന്നെങ്കിലും ആർക്കാണ് പരിക്കേറ്റതെന്നോ സംഘം എങ്ങോട്ട് മറഞ്ഞെന്നോയുള്ള കാര്യത്തിൽ വ്യക്തതയില്ല.
കർണാടക, തമിഴ്നാട് അതിർത്തി വനമേഖലകളിൽ സുരക്ഷ ശക്തമാക്കിയിരുന്നതിനാൽ മാവോവാദിസംഘം കൊട്ടിയൂർ, ആറളം വഴി വയനാട് വനമേഖലയിലേക്ക് പ്രവേശിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.