കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ ഡിേപ്ലാമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയ സംഭവത്തിൽ നാല് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എഫ്.ഐ.ആർ സമർപ്പിച്ചു. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിരതക്കും ദേശീയസുരക്ഷക്കും ഭീഷണിയാവുന്ന രീതിയിൽ അനധികൃതമായി വൻതോതിൽ സ്വർണം കടത്തിയത് തീവ്രവാദ കുറ്റത്തിെൻറ പരിധിയിൽ വരുന്നതാണെന്ന നിരീക്ഷണത്തോടെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ച് അന്വേഷണത്തിന് തുടക്കം കുറിച്ചത്.
കസ്റ്റംസിെൻറ കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശി പി.എസ്. സരിത്ത്, ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ് എന്ന സ്വപ്നപ്രഭ സുരേഷ്, യു.എ.ഇ കോൺസുലേറ്റിലെ പ്രതിനിധിയുടെ പേരിൽ കുടുംബം അയച്ച പാർസൽ ഒരുക്കിയ യു.എ.ഇയിൽ കഴിയുന്ന കൊച്ചി സ്വദേശി ഫാസിൽ ഫരീദ്, സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ എന്നിവരെയാണ് ഒന്നുമുതൽ നാലുവരെ പ്രതികളായി ചേർത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റ് ചുമതലക്കാരെൻറ പേരിലെത്തിയ ബാഗേജിൽനിന്ന് 15 കോടി വില വരുന്ന 30 കിലോ സ്വർണം പിടികൂടിയത്.
3 കുറ്റങ്ങൾ
നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ 16 (തീവ്രവാദ പ്രവർത്തനം), 17 (തീവ്രവാദ പ്രവർത്തനത്തിന് പണം സ്വീകരിക്കുക), 18 (ഗൂഢാലോചന) തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്
കേസിൽ പ്രതിപ്പട്ടികയിലുള്ള സ്വപ്ന സുരേഷിൻെറ മുൻകൂർ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. എന്നാൽ, ആരോപണങ്ങൾ എന്തൊക്കെയെന്ന് വ്യക്തതയില്ലെന്നും എഫ്.ഐ.ആർ. പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഹരജിക്കാരി സ്വപ്നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രാജ്യ സുരക്ഷക്ക് എതിരായ പ്രവർത്തനമാണ് നടന്നതെന്നും യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന് വേണ്ടി അഡ്വ. രവി പ്രകാശ് ഡൽഹിയിൽ നിന്നാണ് വിഡിയോ കോൺഫറൻസിംഗ് വഴി നിലപാട് വ്യക്തമാക്കിയത്. കള്ളക്കടത്ത് സംബന്ധിച്ച് വിവരം നൽകിയവർ നൽകിയ പേരുകളിൽ ഒന്ന് സ്വപ്നയുടേതായിരുന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഈ വിവരത്തിൻെറ അടിസ്ഥാനത്തിലുള്ള കരുനീക്കങ്ങളെ തുടർന്നാണ് സ്വർണം പിടിച്ചത്. അന്വേഷണം നടത്തിയവരും സ്വപ്നയുടെ പങ്കാളിത്തം വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ കടത്തിൽ അവർക്ക് പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട കടലാസു ജോലികൾ പൂർത്തിയാക്കാനും കൊണ്ടു വന്ന സ്വർണം വിട്ടു കിട്ടാനും വേണ്ടി ശ്രമം നടത്തിയത് സ്വപ്നയാണ്. പിടിയിലായ പ്രതിയുടെ മൊഴിയിലും സ്വപ്നക്ക് പങ്കുള്ളതായി പറയുന്നുണ്ട്. സ്വർണം പിടികൂടിയത് മുതൽ ഫോൺ ഓഫ് ചെയ്ത് ഇവർ ഒളിവിൽ പോയത് സംശയമുണ്ടാക്കുന്ന പ്രവൃത്തിയാണ്. പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് പൂർണമായ അന്വേഷണം നടത്തിയാലേ ഹരജിക്കാരി നിരപരാധിയാണോയെന്ന് പറയാനാവൂ. അന്വേഷണം അതിൻെറ പ്രാരംഭ ദിശയിലാണ്. സ്വാധീനമുള്ളവർക്കും കേസിൽ പങ്കുള്ളതായാണ് വ്യക്തമാകുന്നെതന്നും അഡ്വ രവി പ്രകാശ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഒമ്പതേ കാലോടെ സ്വർണ കടത്ത് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി എൻ.ഐ.എ വ്യക്തമാക്കി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിന് പണം സമ്പാദിക്കൽ, ഗൂഡാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. രാജ്യത്തിൻെറ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതും രാജ്യ സുരക്ഷക്ക് ഭീഷണിയുമായ സംഭവമാണിതെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കണമെന്നും ഇതിന് മറുപടി നൽകാൻ സമയം അനുവദിക്കണമെന്നമെന്നും സ്വപ്നക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹരജി വീണ്ടും 14ന് പരിഗണിക്കാനായി ജസ്റ്റിസ് അശോക് മേനോൻ മാറ്റി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.