തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ള യഥാർഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇത്തരം സംഭവങ്ങൾ രാജ്യത്ത് ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങൾക്കിടയാക്കും. അതിനാൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം കൊലപാതകങ്ങൾ ഒരു നിലക്കും അംഗീകരിക്കാനാവില്ല. ഇതിനെ ഏതെങ്കിലും മതവിശ്വാസവുമായി കൂട്ടിക്കുഴയക്കുന്നതും ശരിയല്ല. വസ്തുതകൾ പുറത്തു വരുന്നതിന് മുമ്പ് നിരുത്തരവാദപരമായ ആരോപണങ്ങൾ നടത്തുന്നതിൽ നിന്നും മതേതര സമൂഹം പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയെ മറികടന്ന് ക്രമസമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികളെയും സംഘങ്ങളെയും നിയന്ത്രിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. പ്രവാചക നിന്ദയുടെ പേരിൽ രാജ്യത്ത് ജനാധിപത്യപരമായ സമരങ്ങളാണ് നടന്നുവരുന്നതെന്നും ഉദയ്പൂരിൽ നടന്ന ഹീനവും ജനാധിപത്യവിരുദ്ധവുമായ കൊലപാതകത്തെ പ്രവാചക നിന്ദക്കെതിരെ നടത്തുന്ന സമരങ്ങളുടെ ഭാഗമാക്കി മാറ്റാൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം കുറ്റപ്പെടപുത്തി. കനയ്യ ലാലിന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന ബന്ധുക്കളുടെ ദുഃഖത്തിൽ വെൽഫെയർ പാർട്ടി പങ്കുചേരുന്നു. കേന്ദ്ര ഏജൻസികൾ ഇപ്പോൾ നടത്തുന്ന അന്വേഷണം എത്രമാത്രം നിഷ്പക്ഷമായികരിക്കും എന്നതിൽ രാജ്യത്തെ ജനാധിപത്യ സമൂഹത്തിന് ആശങ്കയുണ്ട്. അതുകൊണ്ട് രാജസ്ഥാൻ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഈ സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.