കണ്ണൂർ: ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ യു.ഡി.എഫിനെതിരായ ആരോപണം ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘കാഫിർ’ സ്ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
വ്യാജ നിർമിതിക്ക് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ യു.ഡി.എഫ് മാപ്പ് പറയണം. വ്യാജ സ്ക്രീൻ ഷോട്ട് വിഷയത്തിൽ സി.പി.എമ്മിന് ഒറ്റ നിലപാടാണുള്ളതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
വടകര ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു കാലത്ത് പ്രചരിച്ച ‘കാഫിർ’ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച് കേരളാ പൊലീസ് ആണ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. വിവാദ ‘കാഫിർ’ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്.
കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നൽകിയ ഹരജിയിലാണ് വടകര പൊലീസ് ഇൻസ്പെക്ടർ കേസ് ഡയറി ഹൈകോടതിയിൽ ഹാജരാക്കിയത്. എന്നാൽ, ഫേസ്ബുക്, വാട്സ്ആപ് സന്ദേശങ്ങൾക്ക് തുടക്കമിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
അമ്പലമുക്ക് സഖാക്കൾ എന്ന ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോൺ നമ്പറുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലുള്ളതാണ് ഈ നമ്പറുകൾ. അമ്പലമുക്ക് സഖാക്കൾ എന്ന പേജിന്റെ അഡ്മിനായ മനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.
അമൽറാം എന്നയാളാണ് റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്തത്. റെഡ് എൻകൗണ്ടേഴ്സ് എന്ന ഗ്രൂപ്പിൽ നിന്ന് ഇത് കിട്ടിയെന്നാണ് അമൽ റാം പറയുന്നത്. റെഡ് എൻകൗണ്ടേഴ്സിൽ ഇത് പോസ്റ്റ് ചെയ്തത് റിബീഷ് എന്നയാളാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ റിബീഷിന്റെ മൊഴി എടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെ നിന്നാണെന്ന് പറയാൻ തയാറായില്ല. പോരാളി ഷാജി എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.