കക്കോടി: എലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിനിർണയവുമായി എൻ.സി.പിയിലുണ്ടായിരുന്ന തമ്മിലടിയും ചേരിപ്പോരും യു.ഡി.എഫിലേക്ക് ചേക്കേറി. എൽ.ഡി.എഫ് സ്ഥാനാർഥിയായ എ.കെ. ശശീന്ദ്രൻ മണ്ഡലത്തിൽ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കുേമ്പാഴും യു.ഡി.എഫ് സ്ഥാനാർഥിയുടെ പേരുപോലും മണ്ഡലത്തിൽ തെളിയാതെ നിലംതൊടാൻ കഴിയുന്നില്ല.
യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷനൽ ജനതാദളിനായിരുന്നു സീറ്റ് നൽകാൻ ആദ്യതീരുമാനം. എന്നാൽ, എൻ.സി.കെക്ക് സീറ്റ് നൽകാൻ പുനരാലോചന വന്നതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. എൻ.സി.കെ സ്ഥാനാർഥിയായ സുൽഫിക്കർ മയൂരി മണ്ഡലത്തിൽ പര്യടനത്തിനെത്തിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവരുകയും ഭാരവാഹിത്വം ഒന്നടങ്കം രാജിവെച്ച് എ.ഐ.സി.സിക്ക് കത്ത് നൽകുകയുമായിരുന്നു.
ഇതിനിടെ സുൽഫിക്കർ പ്രചാരണത്തിന് നീക്കം നടത്തിയത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി. ജില്ലയിലെ പ്രമുഖ നേതാക്കളുമായോ ഭാരവാഹികളുമായോ സന്ധിക്കാതെ പ്രചാരണത്തിനൊരുക്കങ്ങളുമായെത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.
സ്ഥാനാർഥി ഉൾപ്പെടെയുള്ള സംഘം വീട് വാടകക്കെടുത്ത് ചേളന്നൂരിൽ ക്യാമ്പ് ചെയ്യാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ചെയ്തു. പ്രാദേശിക കോൺഗ്രസ് നേതാവിെൻറ സഹായത്തോടെയായിരുന്നു നീക്കങ്ങൾ. എന്നാൽ, ജില്ല -സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തിനൊപ്പം നിൽക്കാൻ നിർബന്ധിതരായതോടെ സഹായവാഗ്ദാനങ്ങളുമായെത്തിയവർപോലും ഉൾവലിഞ്ഞു.
മണ്ഡലത്തിലെ ചിലരെയും മരിച്ച വീടും സന്ദർശിക്കാനും മാത്രമാണ് സുൽഫിക്കറിന് സാധിച്ചത്. േകാൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കെല്ലാം ഉന്നതങ്ങളിൽനിന്നുള്ള മൗനാനുവാദങ്ങളും ലഭിച്ചെന്ന പ്രതീതിയാണ്. എലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫിെൻറ പ്രചാരണ ചുവരെഴുത്തുകൾപോലും ഇതുവരെ നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.