പിറവം: നഗരസഭയുടെ കിഴക്കൻ മേഖലയിൽ കണ്ണീറ്റുമലയിൽ അനധികൃതമായി സ്ഫോടകവസ്തു സംഭരണശാല സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കെ ഭരണകക്ഷിയായ യു.ഡി.എഫ് കൗൺസിലർ അവതരിപ്പിച്ച പ്രമേയം യു.ഡി.എഫ്തന്നെ പരാജയപ്പെടുത്തി. സംഭവം ഭരണ-പ്രതിപക്ഷ തർക്കത്തിനും വഴിയൊരുക്കി.
നഗരസഭ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെടുന്ന പ്രമേയമാണ് തള്ളിയത്. സംഭരണശാല അനധികൃതമായി നിർമിച്ച സാഹചര്യത്തിലാണ് ഈ ഡിവിഷനെ പ്രതിനിധാനംചെയ്യുന്ന ജേക്കബ് ഗ്രൂപ് കൗൺസിലർ പ്രതിപക്ഷത്തിെൻറ പിന്തുണയോടെ പ്രമേയം കൊണ്ടുവന്നത്. സ്വകാര്യവ്യക്തിയുടെ അപേക്ഷയിൽ ജില്ല ഭരണകൂടം പുറപ്പെടുവിച്ച നോട്ടീസ് നിശ്ചിത സമയപരിധി കഴിഞ്ഞുമാത്രം പ്രസിദ്ധീകരിക്കാനിടയായ സാഹചര്യത്തിലാണ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയും വാർഡ് അംഗവുമായ ഐഷ മാധവൻ അവതരിപ്പിച്ചത്.
27 അംഗങ്ങളുള്ള കൗൺസിലിൽ ഇടത് അംഗങ്ങളും ബി.ജെ.പിയും പ്രമേയത്തെ അനുകൂലിച്ചെങ്കിലും ഭൂരിപക്ഷംവരുന്ന ഭരണപക്ഷം പരാജയപ്പെടുത്തി. നേരേത്ത അനുമതിയില്ലാതെ കണ്ണീറ്റുമലയിൽ സ്ഫോടകവസ്തു കൊണ്ടുവന്നിറക്കാൻ നടത്തിയ നീക്കത്തിനെതിരെ വലിയ പ്രതിഷേധം പ്രാദേശികമായി ഉയർന്നിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനം ഒന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. അനധികൃതമായി നിർമിച്ച സംഭരണശാല പൊളിച്ചുമാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞദിവസം സർവകക്ഷി യോഗത്തിൽ എ.ഡി.എമ്മിെൻറ നോട്ടീസ് സമയപരിധി കഴിഞ്ഞ് പ്രസിദ്ധീകരിച്ച സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് കൗൺസിൽ യോഗത്തിലെ പ്രമേയാവതരണം. എന്നാൽ, 12 നെതിരെ 14 വോട്ടിന് പ്രമേയം പരാജയപ്പെട്ടു. എ.ഡി.എമ്മിെൻറ നോട്ടീസ് അപേക്ഷകനായ സ്വകാര്യവ്യക്തിയുടെ കൈവശം കൊടുത്തയച്ച ചില ഉദ്യോഗസ്ഥരുടെ നടപടിയാണ് മനഃപൂർവമായ കാലതാമസത്തിനിടയാക്കിയതെന്നും സെക്രട്ടറി ഇക്കാര്യത്തിൽ തെറ്റു ചെയ്തിട്ടില്ലന്നും നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് വ്യക്തമാക്കി. സംഭരണശാലയുടെ അനധികൃത നിർമാണം സംബന്ധിച്ച് എൻജിനീയറിങ് വിഭാഗം നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
എ.ഡി.എമ്മിെൻറ ഓഫിസിൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭാ യോഗത്തിൽ അവതരിപ്പിച്ച പ്രമേയം 25 പേരുടെ പിന്തുണയോടെ പാസാക്കി. കണ്ണീറ്റുമലയിൽ സ്ഫോടകവസ്തു സംഭരണശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ കർമസമിതി രൂപവത്കരിച്ചു. സമിതി സെക്രട്ടറി ജോസഫ് ജോർജിെൻറ നേതൃത്വത്തിൽ നാട്ടുകാർ നഗരസഭ കൗൺസിൽ നടപടികൾ നിരീക്ഷിക്കാനെത്തിയിരുന്നു. യോഗനടപടികളും പ്രമേയം തള്ളിയതുമൊക്കെ രാഷ്ട്രീയനാടകം മാത്രമാണെന്ന് നാട്ടുകാരുടെ കർമസമിതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.