കോട്ടയം: പുതുപ്പള്ളിയിൽ 10 ശതമാനത്തോളം സി.പി.എം വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻചാണ്ടിക്ക് 2021ൽ ലഭിച്ചതിനേക്കാൾ 13.09 ശതമാനം വോട്ട് ഇത്തവണ വർധിച്ചു. സി.പി.എമ്മിന് 8.84 ശതമാനത്തിന്‍റെയും 3.86 ശതമാനവും വോട്ട് കുറഞ്ഞു. 13.09 ശതമാനം നികത്താൻ ബി.ജെ.പിയുടെ 3.86 ശതമാനം കൊണ്ട് എവിടെ എത്താനാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
യു.ഡി.എഫിന് ഏറ്റവും കൂടുതൽ വോട്ട് ചെയ്തത് സി.പി.എമ്മുകാരാണ്. സി.പി.എമ്മിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിൽ യു.ഡി.എഫ് മേൽകൈ നേടി. മന്ത്രി വി.എൻ വാസവന്‍റെയും ജെയ്ക് സി. തോമസിന്‍റെയും ബൂത്തിൽ ജനങ്ങൾ വോട്ട് ചെയ്തത് യു.ഡി.എഫിനാണ്.
ജനാധിപത്യ ശക്തികളുടെ ഏകീകരണത്തിന്‍റെ ഭാഗമായാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ വോട്ട് ലഭിച്ചത്. നേതാവ് എവിടെ നിന്നാലും അണികൾ യു.ഡി.എഫിനൊപ്പം നിൽകാൻ തീരുമാനിച്ചതിന്‍റെ ഫലമാണിത്. കർഷകരുടെ പ്രശ്നത്തിൽ കേരള കോൺഗ്രസ് പറയുന്നിടത്തല്ല ഇടത് സർക്കാർ നിൽക്കുന്നത്.
സാമ്പത്തിക കാര്യങ്ങളിൽ സി.പി.എം എടുക്കുന്ന നിലപാടിനോട് കേരള കോൺഗ്രസിന് യോജിക്കാൻ കഴിയില്ല. ജനാധിപത്യ ശക്തികൾക്കൊപ്പം നിൽകാൻ കേരള കോൺഗ്രസ് തയാറാകണം. ഇടത് സർക്കാറിന് തെറ്റുപറ്റിയെന്ന് ജനങ്ങൾ പരസ്യമായി പറയുകയാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.