കൽപറ്റ: ഒരിക്കലും നടക്കാത്ത തുരങ്കപാതക്ക് ലക്ഷം കോടി രൂപ മുടക്കുമെന്ന് പറയുന്ന കേരള സർക്കാർ, ജനോപകാരപ്രദമായ ചുരം ബൈാസ് റോഡിന് 100 കോടി മുടക്കി വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് കെ. മുരളീധരൻ എം.പി.
വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചുരം പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാനായകൻ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എക്ക് കെ. മുരളീധരൻ എം.പി പതാക കൈമാറി.
ചിപ്പിലിത്തോട്-മരുതിലാവ് വഴി വൈത്തിരി - തളിപ്പുഴയിൽ എത്തിപ്പെടുന്ന ചുരം ബൈ-പാസ് യാഥാർഥ്യമായാൽ വയനാടൻ ജനത അനുഭവിക്കുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഏറെ ആശ്വാസമായിരിക്കും. ചുരത്തിലെ 6, 7, 8 വളവുകളുടെ വികസനത്തിന് വേണ്ടി വനംവകുപ്പ് സ്ഥലം വിട്ടു നൽകിയിട്ടും വികസനപ്രവൃത്തികൾ ആരംഭിക്കാത്ത സർക്കാർ നടപടി ജനദ്രോഹപരമാണ്.
ചുരത്തിൽ ആറും ഏഴും മണിക്കൂറുകൾ വാഹനങ്ങൾ ബ്ലോക്കിൽപ്പെടുന്ന അവസ്ഥയാണ്. ഈ ഗതാഗത തടസം ടൂറിസ്റ്റുകൾക്ക് വയനാട്ടിലേക്ക് എത്തുന്നതിനുള്ള ആകർഷണം കുറക്കും. പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ പാതയുടെ പൂർത്തീകരിക്കാത്ത ഭാഗം അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പൂർത്തീകരിച്ചാൽ മാത്രമേ വയനാടിന്‍റെ ഗതാഗത സൗകര്യങ്ങൾ വികസിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭയാത്ര സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.