അടിയന്തര പ്രമേയ നോട്ടീസിന് മറുപടി ഒഴിവാക്കണമെന്ന് യു.ഡി.എഫ് ​ആഗ്രഹിച്ചു -മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത സംഭവങ്ങളാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി എം.പി ഓഫീസ് വിഷയത്തിൽ കൽപ്പറ്റ അംഗം നൽകിയ നോട്ടീസ് സഭക്ക് മുന്നിലുണ്ട്. എന്നാൽ അടിയന്തര പ്രമേയം സഭയിൽ ഒരു കാരണവശാലും വരാൻ പാടില്ലെന്ന രീതിയിൽ തടസപ്പെടുന്ന നിലപാട് പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. സ്പീക്കർ പല പ്രാവശ്യം നിങ്ങളുടെ നോട്ടീസാണ് പരിഗണനക്കെടുക്കേണ്ടതെന്ന് ആവശ്യപ്പെട്ടിട്ടും ആരും അനുസരിക്കാൻ തയാറായില്ല. ചോദ്യോത്തരവേള പൂർണമായും തടസപ്പെടുത്തിയത് എന്തിനാണെന്ന് ആരും പറഞ്ഞില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാധാരണ ഇത്തരം ഘട്ടത്തിൽ ഇന്ന കാരണം ​കൊണ്ടാണ് സഭയിൽ നിലപാടെടുക്കുന്നതെന്ന് നേതൃത്വം പറയും. പക്ഷേ, ഒരക്ഷരം പ്രതിപക്ഷ നേതാവ് സംസാരിച്ചില്ല. നേരെ മുദ്രാവാക്യം വിളിയും നടുത്തളത്തിലേക്ക്ഇറങ്ങലും സ്പീക്കറുടെ മു​ന്നിലേക്ക് ബാനർ ഉയർത്തി കാഴ്ച മറക്കലുമാണ് നടന്നത്. ചട്ട വിരുദ്ധമാണെന്നും ബാനർ ഉയർത്താൻ പാടില്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതിഷേധം എന്തിനാണെന്ന് അറിയാത്തതിനാലാണ് ചോദ്യോത്തരവേള നിർത്തിവെക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തര പ്രമേയം അവതരിപ്പിച്ചാൽ അതിന് മറുപടി സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. അത് കേൾക്കാനും ഉന്നയിക്കാനും പ്രതിപക്ഷം തയാറല്ല. നിയമസഭയോട് ഇതേ രീതിയിൽ ഒരു സമീപനം ഇന്നേവരെ ഈ സഭയിൽ ഉണ്ടായിട്ടില്ല. ജനാധിപത്യപരമായ അവകാശം ഉപയോഗിക്കാൻ തയാറാകാത്ത പ്രതിപക്ഷത്തെയാണ് കാണാൻ സാധിച്ചത്. ഇതിൽ എന്ത് ന്യായീകരണമാണ് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതെന്ന് അറിയില്ല.

നിയമസഭാ നടപടിക്രമങ്ങളുടെ കാര്യങ്ങൾ അറിയുന്നവരൊന്നും ഈ നടപടി അംഗീകരിക്കില്ല. നിയമസഭക്കും നാടിനും അംഗീകരിക്കാൻ കഴിയാത്ത നടപടികളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രതിപക്ഷ പെരുമാറ്റം ജനാധിപത്യ അവകാശങ്ങൾ തങ്ങൾ അംഗീകരിക്കുന്നില്ല എന്ന രീതിയിലാണ്. വല്ലാത്ത അസഹിഷ്ണുതയാണ് അവിടെ കണ്ടത്. അത് എന്തുകൊണ്ടാണെന്നും മനസിലാക്കാനായില്ല. നോട്ടീസ് കൊടുത്ത വിഷയം സഭക്ക് അകത്ത് ഉന്നയിച്ചാൽ ലഭിക്കാനിടയുള്ള മറുപടിപൂർണമായും ഒഴിവാകണം എന്ന് യു.ഡി.എഫ് ആഗ്രഹിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

Tags:    
News Summary - UDF wants to avoid reply to urgent resolution notice: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.