തിരുവനന്തപുരം: യു.ജി.സിയുടെ പുതിയ ഒാൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനും സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഒാപൺ സർവകലാശാല ആക്ട് തടസ്സമായി. രാജ്യത്ത് 38 സർവകലാശാലകൾക്ക് ഒാൺലൈൻ കോഴ്സുകൾ ആരംഭിക്കാൻ യു.ജി.സി അനുമതി നൽകിയപ്പോൾ പട്ടികയിൽ കേരളത്തിലെ ഒരു സർവകലാശാലയും ഇടംപിടിച്ചില്ല.
കൽപിത സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ എന്നിവ യു.ജി.സി പട്ടികയിൽ ഉൾപ്പെടുന്നു. മിക്ക സർവകലാശാലകളും വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിലാണ് ഒാൺലൈൻ കോഴ്സുകൾ തുടങ്ങാൻ തീരുമാനിച്ചത്.
എന്നാൽ, കേരളത്തിൽ ശ്രീനാരായണഗുരു ഒാപൺ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ആക്ടിൽ ഇതര സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ നിർത്തലാക്കാൻ വ്യവസ്ഥയുണ്ട്. സംസ്ഥാനത്തെ ഇതര സർവകലാശാലകളിൽ 2021- 22 അധ്യയനവർഷത്തിൽ വിദൂരവിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ തുടരുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്ന ഘട്ടത്തിലാണ് യു.ജി.സി ഒാൺലൈൻ കോഴ്സുകൾക്കായി അപേക്ഷ ക്ഷണിച്ചത്. ഒരു സർവകലാശാലപോലും കേരളത്തിൽനിന്ന് യു.ജി.സിക്ക് അപേക്ഷ നൽകിയതുമില്ല.
3.26 സ്കോറിൽ കുറയാത്ത നാക് ഗ്രേഡിങ്ങോ തുടർച്ചയായി മൂന്നുവർഷം എൻ.െഎ.ആർ.എഫ് റാങ്കിങിൽ ആദ്യ നൂറിൽ ഇടംപിടിക്കുകയോ ചെയ്ത സർവകലാശാലകൾക്കാണ് ഒാൺലൈൻ കോഴ്സുകൾക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. എൻ.െഎ.ആർ.എഫ് റാങ്കിങ് പ്രകാരം കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകൾക്ക് ഒാൺലൈൻ കോഴ്സുകൾക്ക് അപേക്ഷിക്കാമായിരുന്നു. എന്നാൽ, വിദൂരവിദ്യാഭ്യാസ വിഭാഗത്തിെൻറ പ്രവർത്തനംതന്നെ ഒാപൺ സർവകലാശാല ആക്ടിലൂടെ പ്രതിസന്ധിയിലായ സർവകലാശാലകൾക്ക് ഒാൺലൈൻ കോഴ്സുകൾക്കും അപേക്ഷിക്കാനായില്ല. തമിഴ്നാട്ടിലും കർണാടകയിലും ഉൾപ്പെടെ സ്വകാര്യ സർവകലാശാലകൾക്കുവരെ അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.