തിരുവനന്തപുരം: ഇന്ത്യയിൽ വിദേശ സർവകലാശാല കാമ്പസ് തുടങ്ങുന്നതിനുള്ള ആദ്യ ഓൺലൈൻ അപേക്ഷ മലേഷ്യയിലെ ലിങ്കൺ യൂനിവേഴ്സിറ്റിയിൽനിന്ന്. വിദേശ സർവകലാശാല കാമ്പസുകൾക്ക് അനുമതി നൽകാൻ വ്യവസ്ഥ ചെയ്യുന്ന 2023 നവംബർ ഏഴിലെ റെഗുലേഷന് പിന്നാലെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഡിസംബറിൽ യു.ജി.സി പ്രത്യേക പോർട്ടൽ തുറന്നിട്ടുണ്ട്. പോർട്ടൽ വഴി ലഭിച്ച ആദ്യ അപേക്ഷയാണ് മലേഷ്യയിലെ പ്രമുഖ സ്വകാര്യ സർവകലാശാലയായ ലിങ്കൺ സർവകലാശാലയുടേത്. ഹൈദരാബാദിൽ കാമ്പസ് തുടങ്ങുന്നതിനായാണ് ഇവർ അപേക്ഷ സമർപ്പിച്ചത്.
ഇന്ത്യയിൽ കാമ്പസ് തുറക്കാൻ താൽപര്യപ്പെടുന്ന 15ഓളം മുൻനിര സർവകലാശാല പ്രതിനിധികളുമായി നേരത്തെ യു.ജി.സി ചെയർമാൻ ജഗ്ദീഷ് കുമാർ ചർച്ച നടത്തിയിരുന്നു. ഇതിൽ എട്ട് സർവകലാശാലകൾ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ. യു.കെ, യു.എസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സർവകലാശാലകളാണ് ആദ്യഘട്ടത്തിൽ തന്നെ ഇന്ത്യയിൽ സാധ്യത തേടുന്നത്. വിദേശ സർവകലാശാലകൾക്ക് കാമ്പസ് അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധനകൾ നടത്തുമെന്നും ഇതിനായി സംരംഭകരെ ആകർഷിക്കാൻ നികുതി ഇളവും സബ്സിഡിയും സ്റ്റാമ്പ് ഡ്യൂട്ടി ഇളവും ഉൾപ്പെടെയുള്ളവ പരിഗണിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. യു.ജി.സി റെഗുലേഷൻ പ്രാബല്യത്തിൽ വന്നതോടെ യു.ജി.സി അനുമതി നൽകുന്ന സർവകലാശാലകൾക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും കാമ്പസുകൾ തുടങ്ങാനാകും.
യു.ജി.സി വഴി കേന്ദ്ര സർക്കാർ തുറന്നുവെച്ച വാതിലിലൂടെ എത്തുന്ന സർവകലാശാലകൾ ഏതെല്ലാമെന്ന് വരുംമാസങ്ങളിൽ അറിയാനാകും. ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് കൂടുതൽ കുട്ടികൾ പോകുന്ന സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കാമ്പസുകൾ തുടങ്ങാൻ താൽപര്യപ്പെടുക. 2022ൽ പുറത്തേക്ക് പോയവരിൽ 12.5 ശതമാനം വീതം പഞ്ചാബ്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ്. ഗുജറാത്ത്, ഡൽഹിയും പരിസരങ്ങളും, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എട്ട് ശതമാനം വീതവും കർണാടകയിൽനിന്ന് ആറ് ശതമാനവും പുറത്തേക്ക് പോയി. പ്രതിവർഷം പുറത്തുപോകുന്നവരിൽ 4.2 ശതമാനത്തോളം പേരാണ് കേരളത്തിൽ നിന്നുള്ളതെന്നാണ് ഏകദേശ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.