കൊച്ചി: ക്ലാസുകൾ തുടങ്ങുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ഫീസ് അടക്കാൻ ആവശ്യപ്പെട്ട് യുക്രെയ്ൻ സർവകലാശാലകൾ നിർബന്ധം ചെലുത്തുന്നതായി വിദ്യാർഥികളും മാതാപിതാക്കളും. മൂന്നും ആറും വർഷത്തെ മെഡിക്കൽ വിദ്യാർഥികൾ ഒരുവർഷം നഷ്ടപ്പെടുന്ന ഭീതിയിലാണ്. സംസ്ഥാന സർക്കാർ ഇടപെട്ട് യുക്രെയ്ൻ വിദ്യാർഥികളുടെ തുടർപഠനം ഇന്ത്യയിൽ നടത്താൻ നടപടിയെടുക്കണമെന്ന് അവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെങ്കിലും ക്ലിനിക്കൽ പരിശീലനം മുടങ്ങുകയാണെന്ന് കിയവിലെ ബോഗോമോളിറ്റ്സ് സർവകലാശാല വിദ്യാർഥിനി അനിക മെർലിൻ തോമസ് പറഞ്ഞു. ബങ്കറുകളിൽനിന്നാണ് അധ്യാപകർ ഓൺലൈൻ ക്ലാസ് നൽകുന്നത്.
ഇനി തിരിച്ചുപോകൽ സുരക്ഷിതമല്ല. നാഷനൽ മെഡിക്കൽ കമീഷൻ ഇടപെട്ട് തങ്ങളുടെ സർട്ടിഫിക്കറ്റുകൾ യുക്രെയ്ൻ സർവകലാശാലകളിൽനിന്ന് ലഭ്യമാക്കണമെന്നും ഇന്ത്യയിൽ എവിടെയെങ്കിലും പഠനം തുടരാൻ സംസ്ഥാന സർക്കാർ നീക്കങ്ങൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ഹോസ്റ്റലുകളും സർവകലാശാല ഭാഗങ്ങളും തകർന്നതിനാൽ യുക്രെയ്നിൽ അധ്യയനം തുടരുന്നത് ചിന്തിക്കാൻപോലുമാവാത്ത കാര്യമാണെന്ന് ഒഡേസ മെഡിക്കൽ സർവകലാശാല അഞ്ചാംവർഷ വിദ്യാർഥിനി സിദ്റത്തുൽ വ്യക്തമാക്കി.
ആറുവർഷ പഠനത്തിന് 35 ലക്ഷം രൂപയിലേറെയാണ് യുക്രെയ്നിലെ ചെലവ്. വായ്പ എടുത്താണ് കൂടുതൽ പേരും പണം കണ്ടെത്തിയത്. ഫീസിൽ ചെറിയ ഇളവ് ലഭിക്കുമെന്നതിനാൽ ആറുവർഷത്തെ തുകയും ഒന്നിച്ച് അടച്ചവരുണ്ട്. അടുത്ത വർഷങ്ങളിൽതന്നെ വായ്പ തിരിച്ചടക്കേണ്ടതിനാൽ പഠനത്തിലെ അനിശ്ചിതത്വം എത്രയും വേഗം നീക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
3315 മലയാളി വിദ്യാർഥികളാണ് യുക്രെയ്നിൽനിന്ന് കേരളത്തിൽ എത്തിയത്. അതിൽ 1500 പേർ അംഗങ്ങളായി ഓൾ കേരള യുക്രെയ്ൻ മെഡിക്കൽ സ്റ്റുഡന്റ്സ് പേരന്റ്സ് അസോസിയേഷൻ ഇവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ചിട്ടുണ്ട്. പി.വി. ബിജു, ഇല്യാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.