കൊച്ചി: ലഹരിക്കടിമയായ വിനായകൻ പൊലീസ് സ്റ്റേഷനിൽ നടത്തിയത് പേക്കൂത്താണെന്ന് കോൺഗ്രസ് എം.എൽ.എ ഉമ തോമസ്. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് 'സഖാവായതിന്റെ പ്രിവിലേജാണോ'യെന്ന് ഉമ തോമസ് ചോദിച്ചു.
അതോ വിട്ടയച്ചത് ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. അത് എന്ത് തന്നെയായാലും നടപടി അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാത വയ്യെന്നും ഉമ തോമസ് പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി അസഭ്യവർഷം നടത്തിയതിന് നടൻ വിനായകൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. വൈകീട്ട് നാലോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു. കതൃക്കടവിലുള്ള ഫ്ലാറ്റിൽനിന്ന് വിനായകൻ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഭാര്യയുമായുള്ള തർക്കത്തെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു.
പൊലീസിന്റെ സഹായം ആവശ്യപ്പെട്ടതോടെ വനിത പൊലീസ് അടങ്ങുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫ്ലാറ്റ് വാങ്ങിയതിലെ സാമ്പത്തിക തർക്കങ്ങളാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് വഴിവെച്ചതെന്ന് മനസ്സിലാക്കി. പൊലീസ് ഉദ്യോഗസ്ഥ മഫ്തിയിലാണ് വിനായകന്റെ വീട്ടിലെത്തിയത്. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരോട് വിനായകൻ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. തുടർന്ന് പൊലീസുകാർ തിരിച്ച് സ്റ്റേഷനിലെത്തി.
വൈകീട്ട് വിനായകൻ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി ആവർത്തിച്ചു. ഏഴ് മണിയോടെ സ്റ്റേഷനിൽ നേരിട്ടെത്തിയ വിനായകൻ അസഭ്യവർഷം നടത്തുകയായിരുന്നു. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥയാരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു. ഇതിനിടെ സ്റ്റേഷനിൽവെച്ച് പുകവലിച്ച വിനായകന് പിഴയീടാക്കുകയും ചെയ്തു. ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ബഹളം തുടരുകയായിരുന്നു. ഇതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചതുകണ്ട് ആളുകൾ കൂടിയതോടെ ആശുപത്രിയിലും ഇയാൾ ബഹളംവെച്ചു. ലഹരിക്കടിപ്പെട്ട് പൊതുസ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറിയതിനാണ് കേസെടുത്തത്. അതേസമയം, എന്തിനാണ് തന്നെ പിടികൂടിയതെന്ന് അറിയില്ലെന്നാണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.