ഉമ തോമസിന്റെ ആരോഗ്യനില; ആശങ്ക കുറഞ്ഞു

കൊച്ചി: കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ഉയരത്തിൽനിന്ന് വീണ് പരിക്കേറ്റ ഉമ തോമസ്​ എം.എൽ.എയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്​ ആദ്യമുണ്ടായിരുന്ന ആശങ്കകൾ കുറഞ്ഞതായി സൂചന. ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരുമായി സംസാരിച്ചശേഷം മന്ത്രി കെ. രാജനും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും​ ഇക്കാര്യം അറിയിച്ചു. കൂടുതൽ ഒടിവുകളോ ചതവുകളോ ഉണ്ടോയെന്ന്​ കണ്ടെത്താൻ തുടർച്ചയായി സ്കാനിങ്ങും എക്സ്​-റേയും എടുത്തിരുന്നു​. ആശങ്കപ്പെട്ട ഘടകങ്ങളെല്ലാം ആശ്വാസകരമായ അവസ്ഥയിലേക്കാണ്​ മാറുന്നതെന്ന്​ ഇരുവരും പറഞ്ഞു.

രാത്രി 11ഓടെ പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയ കോട്ടയം മെഡിക്കൽ കോളജ്​ സൂപ്രണ്ട്​ ഡോ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്​ധസംഘം ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി വിവരങ്ങൾ വിലയിരുത്തി. രാത്രി 1.45ന് ഇവർ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറക്കിയിരുന്നു. ഡോക്ടർമാരുമായും മന്ത്രി രാജനടക്കമുള്ളവരുമായും ആശയവിനിയമയം നടത്തുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന അവരുടെ ജി.സി.എസ് സ്കോർ 8 ആയിരുന്നു. അടിയന്തിരമായി രോഗിയെ വെൻറിലേറ്ററിലേക്ക് മാറ്റുകയും എക്‌സ് റേ, സി. ടി സ്‌കാൻ എന്നിവയടക്കമുള്ള വിദഗ്ധ പരിശോധനകൾക്ക് വിധേയയാക്കുകയും ചെയ്‌തു. സി.ടി സ്‌കാനിൽ തലക്ക് പരിക്കുള്ളതായി കണ്ടെത്തി. കൂടാതെ സെർവിക്കൽ സ്പൈനിലും പരിക്കുകൾ കണ്ടെത്തി. വീഴ്‌ച യുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിക്കുകയും ചെയ്‌തിട്ടുള്ളതിനാൽ ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടാകുകയും ചെയ്‌തിട്ടുണ്ട്.

റിനൈ മെഡിസിറ്റിയിലെ ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി, ഓർത്തോപീഡിക് സർജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ്, ഡോ. ജെസ്സീൽ, ജനറൽ ആൻറ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിലെ ഡോ. രാഹുൽ ചന്ദ്രൻ, കാർഡിയോളജിസ്‌റ്റ് ഡോ രഞ്ജു‌കുമാർ ബി.സി, ഒഫ്‌താൽമോളജി വിഭാഗത്തിലെ ഡോ. രേഖ ജോർജ്ജ്, ഇ.എൻ.ടി സർജൻ ഡോ. പൂജ പ്രസാദ്, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ, പ്ലാസ്റ്റിക് സർജൻ ഡോ. മധു കെ. എസ്, മെഡിക്കൽ ഡയറക്ടറും ഇന്റേണൽ മെഡിസിൻ സ്പെഷ്യലി സ്റ്റുമായ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്.

തലയുടെ പരിക്ക് ഗുരുതരമാണെങ്കിൽകൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാൽ ജോണി അറിയിച്ചു. പ്രാഥമികമായി എടുത്ത സി.ടി സ്‌കാനിൽ അസ്ഥികൾക്ക് ഗുരുതരമായ ഒടിവുകൾ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകൾക്ക് തുന്നലുകളുൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാൻ സാധിക്കുകയുള്ളൂവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.

Tags:    
News Summary - uma thomas Condition slightly improves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.