കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മെഗാ നൃത്ത പരിപാടിയുടെ ഉദ്ഘാടന വേദിയിൽനിന്ന് ഉമ തോമസ് എം.എൽ.എ വീണ സംഭവത്തിൽ മൂന്നാം പ്രതി അറസ്റ്റിൽ. ഓസ്കർ ഇവന്റ് മാനേജ്മെന്റ് പ്രൊപ്രൈറ്റർ തൃശൂർ പൂത്തോൾ പേങ്ങാട്ടയിൽ പി.എസ്. ജനീഷിനെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ തൃശൂരിലെ ആശുപത്രിയിൽ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ആയ ഉടൻ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് പാലാരിവട്ടത്തെത്തിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് സംഘാടകരിൽ പ്രധാനിയായ മൃദംഗ വിഷൻ മാനേജിങ് ഡയറക്ടർ വയനാട് മേപ്പാടി മലയിൽ എം. നിഗോഷ് കുമാർ (40) കഴിഞ്ഞ ദിവസം പാലാരിവട്ടം പൊലീസിൽ കീഴടങ്ങിയിരുന്നു. അന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഹൈകോടതി നിർദേശപ്രകാരമാണ് നിഗോഷ് കുമാർ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
നിഗോഷിനോടും ജനീഷിനോടും ഹൈകോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സ തേടുകയാണെന്നും കീഴടങ്ങാനാവില്ലെന്നും അന്ന് ജനീഷ് പൊലീസിനെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് ആശുപത്രി വിട്ടതിനുപിന്നാലെ പൊലീസ് പിടികൂടിയത്. ഇതിനിടെ, നൃത്തപരിപാടിയിൽ പങ്കെടുത്ത നൃത്താധ്യാപകരെക്കുറിച്ചും മറ്റും അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.