മലപ്പുറം: ലോക് സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെതിരെ സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ നടത്തിയ നീക്കം പൊളിഞ്ഞതോടെ കെട്ടടങ്ങിയ ലീഗ്-സമസ്ത തർക്കത്തിന് വീണ്ടും തിരികൊളുത്തി ഉമർ ഫൈസി മുക്കത്തിന്റെ പ്രസംഗം. നേതൃത്വം ഉമർ ഫൈസിയെ തിരുത്തിയില്ലെങ്കിൽ വരുംദിവസങ്ങളിൽ സമസ്ത-ലീഗ് ബന്ധത്തിൽ വലിയ വിള്ളലുണ്ടാകുമെന്നാണ് സൂചന. കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) വിഷയത്തിൽ സമസ്തയിലെ ഭിന്നത പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഉമർ ഫൈസി, സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് ആക്രമിച്ചത്. സി.ഐ.സി പ്രസിഡന്റ് കൂടിയാണ് സാദിഖലി തങ്ങൾ. സി.ഐ.സി വിഷയത്തിൽ അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ അനുകൂലിക്കുന്ന നിലപാടാണ് സാദിഖലി തങ്ങളുടേത്. പുതിയ കാലഘട്ടത്തിൽ മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയത്തിന് സാങ്കേതികവിദ്യകളും പുതിയ സമീപനങ്ങളും വേണമെന്ന കാഴ്ചപ്പാടിലാണ് സി.ഐ.സി. എന്നാൽ, സമസ്തയിലെ ഒരു വിഭാഗം ഇതിനെ എതിർക്കുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് സി.ഐ.സി സ്ഥാപകൻ അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം അദ്ദേഹത്തെ തിരിച്ചെടുത്തു.
ഈ വിഷയത്തിൽ ഭിന്നത പൂർണമായും പരിഹരിക്കാൻ സമസ്തയിലെ ഇരുവിഭാഗവും തമ്മിൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഉമർ ഫൈസി വിവാദ പ്രസംഗവുമായി രംഗത്തുവന്നത്. ഇത് സമസ്തയിലെ ഐക്യം തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് സമസ്ത വൃത്തങ്ങൾ പറയുന്നു. ഉമർ ഫൈസി മുക്കം നേരത്തേയും ലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും പരസ്യ വിയോജിപ്പുമായി രംഗത്തുവന്നിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്ന ചർച്ച നടക്കുന്നുണ്ട്. അതിനിടയിലാണ് വിവാദ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.