കോഴിക്കോട്: ദീർഘകാലമായി തുടരുന്ന വിഭാഗീയതക്കൊടുവിൽ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം സമാന്തര പ്രവർത്തനത്തിന് പുതിയവേദി രൂപവത്കരിച്ചു. ‘സമസ്ത ആദർശ സംരക്ഷണ സമിതി’ എന്ന പേരിലാണ് വേദിക്ക് രൂപം നൽകിയത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും സാരഥികളുടെ യോഗത്തിൽ മൊയ്തീൻ ഫൈസി പുത്തനഴി ചെയർമാനും ഓണമ്പിള്ളി മുഹമ്മദ് ഫൈസി കൺവീനറും ഇബ്രാഹിം ഹാജി വയനാട് ട്രഷററുമായി അഡ്ഹോക് കമ്മിറ്റിയും നിലവിൽവന്നു. ഡിസംബറിൽ ജില്ലതലങ്ങളിൽ കമ്മിറ്റികളുണ്ടാക്കാനും തീരുമാനിച്ചു.
ഉന്നതസ്ഥാനീയരായ വ്യക്തികളെ അപമാനിച്ച ഉമർ ഫൈസി മുക്കത്തെ കേന്ദ്ര മുശാവറ അംഗത്വത്തിൽനിന്നും ഉത്തരവാദപ്പെട്ട മറ്റു സ്ഥാനങ്ങളിൽനിന്നും പുറത്താക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം ലീഗും സമസ്തയും തമ്മിലെ ശക്തമായ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണെന്നും അത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും മറ്റൊരു പ്രമേയത്തിൽ ആവശ്യപ്പെട്ടു. സുപ്രഭാതം പത്രം സ്ഥാപിത താൽപര്യങ്ങളിൽനിന്നും നയങ്ങളിൽനിന്നും വ്യതിചലിച്ച് സമസ്ത നേതൃത്വത്തിന് തന്നെ പത്രത്തെ തള്ളിപ്പറയേണ്ട അവസ്ഥയിൽ എത്തിയതായി പ്രമേയത്തിൽ വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച വർഗീയ പരസ്യം സമസ്ത നേതൃത്വത്തെയും പ്രവർത്തകരെയും പ്രതിസന്ധിയിലാക്കിയതായി ചൂണ്ടിക്കാട്ടിയ പ്രമേയം, പത്രത്തെ സ്ഥാപിത നയങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജനുവരിയിൽ മുഴുവൻ ജില്ലകളിലും ആദർശ സമ്മേളനങ്ങൾ ചേരാനും തീരുമാനിച്ചു.
പാണക്കാട് തങ്ങൾ കുടുംബത്തിനെതിരായ ഒരുവിഭാഗത്തിന്റെ നിലപാടുകളാണ് സമിതി രൂപവത്കരിക്കാൻ കാരണമായതെന്ന് എം.സി. മായിൻഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുന്നി ആദർശ സമ്മേളനങ്ങൾ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന പരിപാടികൾ ലീഗിനെയും പാണക്കാട് സാദിഖലി തങ്ങളെയും വിമർശിക്കാനാണ് ഒരുവിഭാഗം ഉപയോഗപ്പെടുത്തുന്നത്. ഇക്കാര്യം ബഹുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇതൊരു വിഭാഗീയ പ്രവർത്തനമല്ലെന്നും സമസ്തയുടെ നിലനിൽപും പുരോഗതിയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
കുത്തിത്തിരിപ്പുണ്ടാക്കുന്നവരെ അംഗീകരിക്കാനാവില്ല -മൊയ്തീൻ ഫൈസി പുത്തനഴി
കോഴിക്കോട്: സംഘടനക്കകത്ത് കുത്തിത്തിരിപ്പുണ്ടാക്കാൻ ആരുടെയെങ്കിലും കൈയിൽനിന്ന് അച്ചാരം വാങ്ങി പ്രവർത്തിച്ചാൽ അത് വിലപ്പോകില്ലെന്ന് സമസ്ത മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് അംഗവുമായ മൊയ്തീൻ ഫൈസി പുത്തനഴി.
സമസ്ത ആദർശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ’89ൽ ശരീഅത്ത് വിഷയവുമായി ബന്ധപ്പെട്ട് ഇ.കെ. അബൂബക്കർ മുസ്ലിയാർ വേദി പങ്കിട്ടതിന്റെ പേരിൽ ഒരുവിഭാഗം പുറത്തെടുത്ത ആയുധങ്ങളുമായി ഇന്ന് ചില യുവജന, വിദ്യാർഥി നേതാക്കൾ നടത്തുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. സമസ്തയുടെ ഭരണഘടനയും നടന്നുവന്ന വഴികളും വിസ്മരിച്ച് വിഘടിതരുടെ പാത പിന്തുടരരുത്.
വിവേകമില്ലാത്തവരുടെ പ്രവർത്തനങ്ങൾ നേതാക്കൾക്കുതന്നെ പ്രയാസവും പ്രതിസന്ധിയും സൃഷ്ടിക്കുകയാണ്. നമ്മുടെ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം, വാർത്ത, മുശാവറ അംഗങ്ങളുടെ പ്രസംഗം തുടങ്ങിയവയുമായി നമുക്കുതന്നെ ബന്ധമില്ലെന്ന് പറയുന്ന അവസ്ഥയിലേക്ക് നേതാക്കളെ എത്തിച്ചത് ദുഃഖകരമാണ്. ഇക്കൂട്ടരെ നേർവഴിക്ക് നടത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.