തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സി പദവിയിൽ സംഘ്പരിവാറിന്റെ ഇഷ്ടക്കാരനെ ഗവർണർ തെരഞ്ഞുപിടിച്ച് നിയമിച്ചതിന് പിന്നിൽ വരാനിരിക്കുന്ന കൂട്ട അധ്യാപക നിയമനം ലക്ഷ്യമിട്ട്. സ്കൂൾ രീതിയിൽ സർവകലാശാല ആരംഭിക്കുന്ന എട്ട് പഠന വകുപ്പുകളിലേക്കായി 40 അധ്യാപക തസ്തികകളിലേക്കാണ് വിജ്ഞാപനമിറക്കിയത്. അപേക്ഷ സമർപ്പണം 29ന് അവസാനിക്കാനിരിക്കെയാണ് സംഘ്പരിവാറിന്റെ നോമിനിയായ കുസാറ്റിലെ ഡോ.കെ. ശിവപ്രസാദിനെ ഗവർണർ നിയമിച്ചത്.
യു.ജി.സിയുടെ 2018ലെ റെഗുലേഷൻ നിലവിൽ വന്നതോടെ അധ്യാപക നിയമനത്തിൽ സർവകലാശാല സമിതികൾക്കുള്ള അധികാരങ്ങൾ ഇല്ലാതായി. പകരം വൈസ് ചാൻസലർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിക്കാണ് ഇന്റർവ്യൂ ഉൾപ്പെടെ പൂർണ അധികാരം. വൈസ് ചാൻസലർ അധ്യക്ഷനായ അധ്യാപക സെലക്ഷൻ സമിതിയിലേക്കുള്ള വിഷയ വിദ്ഗധർ ഉൾപ്പെടെയുള്ളവരെ നാമനിർദേശം ചെയ്യേണ്ടതും വി.സി ആണ്. എട്ട് സ്കൂളുകളിലായി 28 അസി. പ്രഫസർ തസ്തികയിലേക്കും ആറ് വീതം അസോ. പ്രഫസർ, പ്രഫസർ തസ്തികയിലേക്കുമാണ് ഒക്ടോബർ 28ന് സർവകലാശാല വിജ്ഞാപനമിറക്കിയിരുന്നത്.
അപേക്ഷ സമർപ്പണം ഇന്ന് പൂർത്തിയാകുന്നതോടെ സർവകലാശാല നിയമന നടപടികളിലേക്ക് കടക്കും. അധ്യാപക നിയമനങ്ങളിൽ സംഘ്പരിവാർ താൽപര്യങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് കുസാറ്റിലെ സംഘ്പരിവാർ അനുകൂലിയായ അധ്യാപകനെ തന്നെ തെരഞ്ഞുപിടിച്ച് സാങ്കേതിക സർവകലാശാലയിൽ വി.സിയായി നിയമിച്ചതെന്നാണ് വിവരം. ഇതിനായി സംഘ്പരിവാർ രാജ്ഭവൻ വഴി നടത്തിയ നീക്കമാണ് ഡോ. ശിവകുമാറിന്റെ നിയമനത്തിലെത്തിയത്. സർവകലാശാലയിലേക്ക് നടക്കുന്ന അധ്യാപക നിയമനത്തിൽ സംഘ്പരിവാർ താൽപര്യം നടപ്പാക്കുന്നതിൽ സർക്കാറിനും കടുത്ത ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.