കോതമംഗലം: കുട്ടമ്പുഴ വനമേഖലയിൽ കാണാതായ മൂന്ന് സ്ത്രീകളെ 15 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. അട്ടിക്കളത്തുനിന്ന് വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ പശുവിനെ തിരഞ്ഞ് പോയ പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായാ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ ഏഴോടെ കാട്ടിനുള്ളിൽ ആറ് കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് കണ്ടെത്തിയത്.
പശുവിനെ തിരയുന്നതിനിടെ ഇവർ വഴി തെറ്റി വനത്തിൽ അകപ്പെടുകയായിരുന്നു. പാറുക്കുട്ടിക്ക് മാത്രമാണ് വനമേഖലയുമായി പരിചയമുണ്ടായിരുന്നത്. വനത്തിനകത്ത് പുരയുടെ വലുപ്പമുള്ള വലിയ പാറയുടെ മുകളിലാണ് ഒരു രാത്രി കഴിച്ചുകൂട്ടിയതെന്ന് പാറുക്കുട്ടി പറഞ്ഞു. രാത്രി തീരെ ഉറങ്ങിയില്ല. ആന എവിടെനിന്ന് വന്നാലും രക്ഷപ്പെടാവുന്ന വിധത്തിലാണ് തങ്ങൾ ഇരുന്നതെന്നും അവർ പറഞ്ഞു.
പശുവിനെ തിരഞ്ഞ് ചെക്ക് ഡാം വരെ വഴി തെറ്റാതെയാണ് ഇവർ സഞ്ചരിച്ചത്. അതുകഴിഞ്ഞ് ആനക്കൂട്ടത്തെ കണ്ടതോടെ മുന്നോട്ട് പോകേണ്ടതിന് പകരം പിറകോട്ട് പോയി. അങ്ങനെയാണ് വഴിതെറ്റി വനത്തിൽ അകപ്പെട്ടത്. വൈകീട്ട് അഞ്ചിനുശേഷം ഫോണിൽ ചാർജ് തീർന്നതോടെ പുറത്തുള്ളവരുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല.
തുടർന്ന്, വനപാലകരും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരുമടക്കം 10-15 പേർ രണ്ട് സംഘമായി ഉൾക്കാട്ടിൽ തിരച്ചിൽ ആരംഭിച്ചു. മുൾപ്പടർപ്പുകൾ, പാമ്പ്, കാട്ടുമൃഗങ്ങൾ, തോട്ടപ്പുഴു എന്നിവയുടെ ശല്യം സഹിച്ച് കിലോമീറ്ററുകളോളം രാത്രി തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
പുലർച്ചെ മൂന്നോടെ തിരച്ചിൽ സംഘം കൈയിൽ കരുതിയിരുന്ന കുടിവെള്ളം തീരുകയും ഭക്ഷണം കിട്ടാൻ മാർഗമില്ലാതാവുകയും ചെയ്തു. പിന്നാലെ കാട്ടാനക്കൂട്ടം എത്തിയതോടെ തിരച്ചിൽ സംഘം മുനിയറ ഭാഗത്തെ പാറയിൽ കയറി നിലയുറപ്പിച്ചു. നേരം പുലർന്ന ശേഷമാണ് തിരച്ചിൽ പുനരാരംഭിച്ചത്. സ്ത്രീകൾ പശുവിനെ തിരഞ്ഞ് വനത്തിൽ പോയ സമയത്ത് പശു വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.