കൊല്ലം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ ഫാർമസി കോഴ്സുകൾ നടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ ഇടപെടൽ ശക്തമാക്കാനൊരുങ്ങി കേരള ഫാർമസി കൗൺസിൽ. ‘ഫാർമസി അസിസ്റ്റന്റ്’ എന്ന പേരിലടക്കം നടന്ന കോഴ്സുകളിൽ നിരവധിപേർ പഠനത്തിന് ചേരുന്ന സാഹചര്യമുണ്ട്. ഇത്തരം കോഴ്സുകൾ പഠിച്ചാൽ ഫാർമസിസ്റ്റാകാമെന്ന് തെറ്റിദ്ധരിച്ചാണിത്. ഇത് സംബന്ധിച്ച് കേരള ഫാർമസി കൗൺസിൽ നേരത്തേ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, കാര്യമായ നടപടികളുണ്ടായില്ല. ഈ സാഹചര്യത്തിൽ വീണ്ടും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേന്ദ്ര സർക്കാറിന്റെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവരാനുള്ള ആലോചനയിലാണ് കേരള ഫാർമസി കൗൺസിൽ.
രണ്ടു വർഷത്തെ ഫാർമസി അസിസ്റ്റന്റ് കോഴ്സിന് 30000 രൂപവരെ ഈടാക്കുന്നുണ്ട്. സർക്കാർ അംഗീകൃത കോഴ്സാണിതെന്നും പൂർത്തിയാക്കിയാൽ ഫാർമസിസ്റ്റായി പ്രാക്ടിസ് ചെയ്യാമെന്നുമാണ് നടത്തിപ്പുകാർ പ്രചരിപ്പിക്കുന്നത്. ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്യാനാകുമെന്നും വാഗ്ദാനം നൽകുന്നു. എന്നാൽ, അംഗീകൃത ഫാർമസി കോളജുകളിൽ ഫാർമസി കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നൽകുക. ഇത്തരം കോഴ്സുകൾ പഠിച്ചവർക്ക് മരുന്നുകടകളിലും മറ്റും അസിസ്റ്റന്റായി പ്രവർത്തിക്കാമെങ്കിലും അംഗീകൃത ഫാർമസിസ്റ്റിന്റെ നിർദേശപ്രകാരമേ മരുന്നുകൾ കൈകാര്യം ചെയ്യാൻ അനുവാദമുള്ളൂ. കേന്ദ്ര സർക്കാറിന്റെ നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായും മറ്റും സ്വകാര്യവ്യക്തികൾ നടത്തുന്ന ‘ഫാർമസി അസിസ്റ്റന്റ്’ കോഴ്സുകൾ ‘ഫാർമസിസ്റ്റ്’ ആകാനുള്ള യോഗ്യതയല്ലെന്ന് സംസ്ഥാന ഫാർമസി കൗൺസിൽ വിശദീകരിക്കുന്നു.
ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച് ഫാർമസി കോഴ്സുകൾ നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കേരള ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി. നവീൻചന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇത്തരം കോഴ്സുകളുടെ നിജസ്ഥിതി ജനങ്ങളുടെ ശ്രദ്ധയിൽപെടുത്താനുള്ള ശ്രമം കൗൺസിൽ നടത്തുന്നുണ്ട്. അംഗീകൃത കോഴ്സുകൾ മാത്രം തെരഞ്ഞെടുക്കാൻ വിദ്യാർഥികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.