തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടികയായിട്ടും പ്രഖ്യാപനം വൈകുന്നതിനു പിന്നിൽ വയനാട് സീറ്റിലെ അനിശ്ചിതത്വം. വയനാട്ടിൽ രണ്ടാമങ്കത്തിന്‍റെ കാര്യത്തിൽ രാഹുൽ തീരുമാനമെടുത്താൽ പ്രഖ്യാപനത്തിന് തടസ്സങ്ങളില്ല. എന്നാൽ, ഇക്കാര്യത്തിൽ രാഹുൽ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. രാഹുലിന്‍റെ മനസ്സിലെന്തെന്ന് അറിയാവുന്ന അടുപ്പമുള്ളവർ അക്കാര്യം വെളിപ്പെടുത്തുന്നുമില്ല.
ഭൂരിപക്ഷം മണ്ഡലങ്ങളിലും സിറ്റിങ് എം.പിമാർ ഉറപ്പിച്ചെങ്കിലും രാഹുലിന്‍റെ തീരുമാനം കാത്ത് പ്രഖ്യാപനം നീളുകയാണ്. വയനാട്ടിൽ രാഹുൽതന്നെ വേണമെന്ന് കേരളത്തിലെ നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. എന്നാൽ, രാഹുൽ ഉത്തരേന്ത്യയിൽ മത്സരിക്കണമെന്നാണ് അവിടത്തെ കോൺഗ്രസ് നേതാക്കളുടെ ആവശ്യം. രാഹുൽ ദക്ഷിണേന്ത്യയിലേക്ക് പേടിച്ചോടിയെന്ന പ്രചാരണമാണ് 2019ൽ ഉത്തരന്ത്യേയിൽ അമേത്തിയിലടക്കം വലിയ പരാജയങ്ങളിലേക്ക് നയിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
രാഹുലിന്‍റെ വരവ് കേരളത്തിലടക്കം നൽകിയ ഉണർവ് കണ്ടില്ലെന്ന് നടിക്കരുതെന്നാണ് വയനാട്ടിൽ രണ്ടാമങ്കത്തിന് നിർബന്ധിക്കുന്നവരുടെ വാദം. വയനാട് രാഹുലിനെ സംബന്ധിച്ച് വലിയ മാർജിനിൽ ഉറപ്പായും ജയിച്ചുകയറാവുന്ന ഏറ്റവും സുരക്ഷിതമായ സീറ്റാണ്. എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ രാഹുൽതന്നെ തീരുമാനിക്കട്ടെയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.
ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ച് കാട്ടാന അക്രമത്തിൽ മരിച്ചയാളുടെ വീട് സന്ദർശിച്ച രാഹുലിന്‍റെ നീക്കം വയനാട് വിടില്ലെന്നതിന്‍റെ സൂചനയായി വിലയിരുത്തുന്നവരുമുണ്ട്.ആലപ്പുഴ ഒഴിച്ചിട്ട് കോൺഗ്രസിന്‍റെ ബാക്കിയുള്ള 15 സീറ്റുകളിലും സിറ്റിങ് എം.പിമാരുടെ ഒറ്റ പേരുമാത്രമുള്ള പട്ടികയാണ് സംസ്ഥാന സ്ക്രീനിങ് കമ്മിറ്റി എ.ഐ.സി.സിക്ക് നൽകിയിട്ടുള്ളത്. അതിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. കോൺഗ്രസ് ന്യൂനപക്ഷവോട്ട് കാര്യമായി പ്രതീക്ഷിക്കുന്നതിനാൽ പട്ടികയിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പിക്കേണ്ടതുണ്ട്.
നിലവിലെ പട്ടികയിൽ അതില്ല. വയനാട്ടിൽ രാഹുൽ ഇല്ലെങ്കിൽ അവിടെ ഒരു മുസ്ലിം സ്ഥാനാർഥിക്ക് സാധ്യതയുണ്ട്. രാഹുൽ തന്നെയെങ്കിൽ ആലപ്പുഴയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും മണ്ഡലത്തിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പിക്കാൻ സിറ്റിങ് എം.പിയെ മാറ്റേണ്ടി വരും. അങ്ങനെയെങ്കിൽ മത്സരത്തിന് ആദ്യം വിസമ്മതം അറിയിച്ച് പിന്നീട് നേതൃത്വത്തിന്‍റെ ആവശ്യപ്രകാരം സന്നദ്ധനായ കെ. സുധാകരൻ മാറി പുതിയയാൾ വരാനും ഇടയുണ്ട്. ആലപ്പുഴ സ്ഥാനാർഥിയെ ഡൽഹി ചർച്ചയിൽ തീരുമാനിക്കാമെന്നുമായിരുന്നു ധാരണ. ആലപ്പുഴയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.