തൃശൂർ: ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം മാനേജിങ് ഡയറക്ടർ-സി.ഇ.ഒയെ വോട്ടെടുപ്പിലൂടെ പുറത്താക്കിയ ധനലക്ഷ്മി ബാങ്കിൽ അനിശ്ചിതത്വം തുടരുന്നു. ബാങ്കിെൻറ തുടർഭരണത്തിന് മൂന്ന് ഡയറക്ടർമാരെ ഉൾപ്പെടുത്തി റിസർവ് ബാങ്കിന് സമർപ്പിച്ച പട്ടികക്കുള്ള അംഗീകാരം നീളുകയാണ്. വോട്ടെടുപ്പിൽ പുറത്തായ എം.ഡി സുനിൽ ഗുർബക്സാനി വ്യാഴാഴ്ചയും രാജി സമർപ്പിച്ചിട്ടില്ല.
ഡയറക്ടർമാരായ ജി. സുബ്രഹ്മണ്യ അയ്യർ ചെയർമാനും ജി. രാജഗോപാലൻ നായരും പി.കെ. വിജയകുമാറും അംഗങ്ങളുമായ കമ്മിറ്റിയുടെ അംഗീകാരത്തിനാണ് ബാങ്ക് റിസർവ് ബാങ്കിനെ സമീപിച്ചിരിക്കുന്നത്. സമാനരീതിയിൽ എം.ഡി പുറത്തായ തമിഴ്നാട്ടിലെ ലക്ഷ്മി വിലാസ് ബാങ്കിൽ അതിവേഗം കമ്മിറ്റിക്ക് അംഗീകാരം നൽകിയ റിസർവ് ബാങ്ക് ധനലക്ഷ്മി ബാങ്കിെൻറ കാര്യത്തിൽ പുലർത്തുന്ന മെല്ലെപ്പോക്കിന് പല വ്യാഖ്യാനങ്ങളും ബാങ്കിങ് വൃത്തങ്ങളിൽ ഉയരുന്നുണ്ട്.
കമ്മിറ്റിയെ അംഗീകരിക്കാൻ ഇടയില്ലെന്നും പകരം കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ധനലക്ഷ്മി ബാങ്കിലേക്ക് അഡീഷണൽ ഡയറക്ടറായി നിയമിച്ച ഡി.കെ. കാശ്യപിനെ ഉൾപ്പെടുത്തി മറ്റൊരു സമിതിയെ പ്രഖ്യാപിക്കാൻ ഇടയുണ്ടെന്ന് ചില കേന്ദ്രങ്ങൾ പറയുന്നു. തങ്ങൾ നിയമിച്ച എം.ഡിയെ പുറത്താക്കിയ നടപടിയെ ഏത് രീതിയിലാണ് റിസർവ് ബാങ്ക് കൈകാര്യം ചെയ്യുകയെന്നാണ് ബാങ്കിങ് വൃത്തങ്ങൾ ആകാംക്ഷയോടെ വീക്ഷിക്കുന്നത്.
കാശ്യപിന് പുറമെ ധനലക്ഷ്മി ബാങ്കിൽ റിസർവ് ബാങ്കിെൻറ മറ്റൊരു പ്രതിനിധിയുണ്ട്. അതിനിടെ, ധനലക്ഷ്മി ബാങ്കിനെ അറിയുന്ന ഒരാളെ പുതിയ എം.ഡിയായി നിയമിക്കണമെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം റിസർവ് ബാങ്ക് ഗവർണർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. ബാങ്കിെൻറ പാരമ്പര്യം, ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും സമീപനം എന്നിവയെക്കുറിച്ച് ധാരണയുള്ള ആളായിരിക്കണം എം.ഡിയെന്ന് വെങ്കിടാചലം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.