തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി പ്രദേശത്തേക്ക് ഭൂഗർഭ റെയിൽപാതക്കുള്ള അപേക്ഷ കേന്ദ്ര സർക്കാർ മടക്കി. തലസ്ഥാനത്തെ ജനനിബിഡമായ മൂന്നു തീരദേശ വില്ലേജുകളിലൂടെ കടന്നുപോകും വിധമായിരുന്നു പാതക്ക് നിർദേശം. തുരങ്ക റെയിൽപാതയുടെ വിവരങ്ങൾ സെപ്റ്റംബർ ഏഴിന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഭൂഗർഭപാത അപേക്ഷ മടക്കിയ കേന്ദ്ര തീരുമാനത്തിലാണ് ഇതുവരെ സംസ്ഥാന സർക്കാർ ഒരു വിവരവും പുറത്തുവിടാതിരുന്ന പദ്ധതിയുടെ വിശദാംശം വെളിവായത്. 2014 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ പരിസ്ഥിതി അനുമതിയിൽ ഭേദഗതി വരുത്തി അനുമതി നൽകണമെന്ന് അഭ്യർഥിച്ച് സംസ്ഥാനത്തിന്റെ തുറമുഖ കമ്പനിയായ വിഴിഞ്ഞം അന്താരാഷ്ട്ര സീ പോർട്ട് ലിമിറ്റഡാണ് (വിസൽ) വിദഗ്ധസമിതിയെ സമീപിച്ചത്.
നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ, വിഴിഞ്ഞം ഗ്രാമങ്ങളിലൂടെ 9.43 കിലോമീറ്റർ നീളത്തിൽ ഭൂഗർഭ തുരങ്കത്തിലൂടെ കടന്നുപോകുന്നതരത്തിലാണ് റെയിൽപാത വിഭാവനം ചെയ്യുന്നത്. പക്ഷേ, 2014 ലെ അനുമതിയിൽ ഭേദഗതി വരുത്താൻ സാധ്യമല്ലെന്ന് സമിതി അറിയിച്ചു. സമതുലിത അവസ്ഥയില്ലാത്ത ഭൂപ്രകൃതിയാണ് നിർദിഷ്ട പ്രദേശത്തിനെന്ന് പറഞ്ഞ സമിതി എട്ട് നിർദേശം പാലിച്ച് പഠിച്ചശേഷം ഉചിതരൂപത്തിൽ പുതുക്കിയ അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചു.
അപകട, വെള്ളപ്പൊക്ക സാധ്യത കണക്കിലെടുക്കാതെയാണ് സർക്കാർ തുരങ്കപാതക്ക് അപേക്ഷ നൽകിയത്. സംസ്ഥാന തീരസംരക്ഷണ അതോറിറ്റിയുടെ അനുമതിയും ഇല്ലായിരുന്നു. തുരങ്ക നിർമാണത്തിൽ മനുഷ്യർക്കും കെട്ടിടങ്ങൾക്കും ഉണ്ടാക്കുന്ന പ്രകമ്പനവും കണക്കിലെടുത്തില്ല. വേലിയേറ്റമേഖലയിൽനിന്ന് 130 മീറ്റർ ദൂരെ മാത്രമാണ് തുരങ്കം. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപയോഗമേഖലയാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
തുരങ്കം നിർമിക്കുന്ന പ്രദേശത്തെ കെട്ടിടങ്ങൾ ഭൂരിഭാഗവും രണ്ടുനിലയും അതിന് മുകളിലുമുള്ളതുമാണ്. ഭൂചലന സാധ്യതയും തുരങ്കം നിർമിക്കുമ്പോൾ മണ്ണിടിയാനുള്ള സാധ്യത അടക്കം പഠിക്കേണ്ടതുണ്ട്. സി.ആർ.ഇസഡ് മേഖലയുമാണ്. തുരങ്കപാതയുടെ ആകെ ചെലവ് പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ രേഖയിൽ പറയുന്നത് 1060 കോടി രൂപയാണ്. നേരത്തേയുള്ള പദ്ധതി മാറ്റി, തുരങ്കപാത തെരഞ്ഞെടുക്കാനുള്ള കാരണം സർക്കാർ വ്യക്തമാക്കാത്തത് ദുരൂഹതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.