തിരുവനന്തപുരം: കോവിഡ് പരിശോധനക്ക് പേരും മേൽവിലാസവും തെറ്റായി നൽകിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്തിനെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. പോത്തൻകോട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കേരള പകർച്ചവ്യാധി നിയമപ്രകാരം പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറിെൻറ പരാതിയിലാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോത്തൻകാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന സമരങ്ങളെക്കുറിച്ച് ആവർത്തിച്ച് സൂചിപ്പിച്ചിരുന്നു. അത്തരം സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് നിരുത്തരവാദപരമായി പെരുമാറി ആക്ഷേപത്തിന് ഇരയായിരിക്കുന്നത്. പ്രതിപക്ഷത്തിലെ മുതിർന്ന നേതാക്കളോടൊപ്പം പല പരിപാടികളിൽ അഭിജിത്ത് പങ്കെടുക്കുകയും ചെയ്തിരുന്നു.
കോവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസുകാർക്കും സാധാരണക്കാർക്കും സഹപ്രവർത്തകർക്കും നേതാക്കൾക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുക്കുന്നത്. ഇതിനെയാണ് തെറ്റായ പ്രവണതയെന്ന് ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ചുമതലയുണ്ട്. രാഷ്ട്രീയമായ ഭിന്നതയും രാഷ്ട്രീയ താൽപര്യങ്ങളുമുണ്ടാകും. അതേസമയം രോഗവ്യാപനത്തിെൻറ തോത് വർധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി മാറുകയാണ് ഇത്തരം കാര്യങ്ങളെന്നതും ശ്രദ്ധിക്കണം. ഒരു മാനദണ്ഡങ്ങളും പാലിക്കാതെ നടക്കുന്ന സമരങ്ങൾ. ഇത് പ്രതിപക്ഷം മനസിലാക്കണമെന്ന് മാത്രമേ പറയാനുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട നിലയിലാണെന്ന് കേരളത്തിെൻറ സ്ഥിതി കണക്കിലെടുത്ത് ആവർത്തിക്കേണ്ടി വരുന്നു. എല്ലാവരും നാടിനുവേണ്ടിയാണ് നിലകൊള്ളുന്നത്. നാട്ടുകാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത്തരം പ്രസ്ഥാനങ്ങളും സംഘടനകളും രോഗവ്യാപനം കൂടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.