കൊച്ചി: ഇന്ത്യൻ ജനതയുടെ വിശാലമായ വൈവിധ്യത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരികവും മതപരവുമായി ഏകീകൃത സിവിൽ കോഡ് എന്ന ആശയം അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി). നിയമം പ്രാബല്യത്തിൽ വന്നാൽ അതുവഴി മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ചവിട്ടിമെതിക്കപ്പെടാനുമുള്ള സാധ്യത ആശങ്കജനകമാണ്. ഏകീകൃത സിവിൽ കോഡിന്റെ കരടുരൂപം പുറത്തുവിടാത്തതിനാൽ അതിന്‍റെ സ്വഭാവം എന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല. ഏതെങ്കിലും വിധത്തിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കങ്ങളുണ്ടെങ്കിൽ അത് ഇന്ത്യയുടെ ജനസംഖ്യയിൽ 8.9 ശതമാനം വരുന്ന ക്രൈസ്തവ വിശ്വാസികൾ ഉൾപ്പെടെ പട്ടികവർഗക്കാരുടെ മതപരവും സാംസ്കാരികവുമായ ആശങ്കകളെ ശ്രദ്ധാപൂർവം പരിഗണിച്ചുകൊണ്ടായിരിക്കണം.
ഏകീകൃത സിവിൽ കോഡിന്റെ അന്തഃസത്തയെക്കുറിച്ച അജ്ഞത നിമിത്തം, അത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകിയിരിക്കുന്ന മത സ്വാതന്ത്ര്യത്തെ ഏതുവിധത്തിലാണ് ബാധിക്കുക എന്നുള്ളതിന് വ്യക്തതക്കുറവുണ്ട്.
ഏകീകൃത സിവിൽകോഡ് വഴി വിവിധ ജനവിഭാഗങ്ങളുടെ ആരാധന സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ഒരു വിധത്തിലും തടസ്സപ്പെടുത്തുകയോ തകർക്കുകയോ ചെയ്യരുത്.
ഏതെങ്കിലും വിധത്തിലുള്ള വിവേചനങ്ങളുടെ പേരിലോ ലിംഗഭേദ അനീതിയുടെ പേരിലോ മതപരവും സാംസ്കാരികവുമായ വിഷയങ്ങളിൽ വ്യക്തിനിയമങ്ങളുടെ മറവിൽ സർക്കാർ കൈകടത്തരുതെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ സമുദായങ്ങൾ എന്നനിലയിൽ വിവിധ മതവിഭാഗങ്ങളുടെ ഉൾഭരണ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ ശ്രദ്ധ പുലർത്തണം. നിയമനിർമാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത-ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടെന്നും കത്തോലിക്ക സഭ ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ശ്രീനഗർ: ജമ്മു -കശ്മീരിൽ 370 ാം വകുപ്പ് റദ്ദാക്കിയതുപോലെ എളുപ്പമല്ല ഏകസിവിൽ കോഡ് നടപ്പാക്കലെന്ന് മുൻ കേന്ദ്രമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസിവ് ആസാദ് പാർട്ടി (ഡി.പി.എ.പി) ചെയർമാനുമായ ഗുലാം നബി ആസാദ്. ഏക സിവിൽ കോഡ് നടപ്പാക്കുന്നത് മുസ്ലിംകളെമാത്രമല്ല, എല്ലാ മതങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാവരെയും ഒരേപോലെ അലോസരപ്പെടുത്തുന്നത് ഒരു സർക്കാറിനും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.ഭൂരഹിതർക്ക് ഭൂമി നൽകുമെന്ന ജമ്മു-കശ്മീർ ഭരണകൂടത്തിന്റെ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ, പ്രദേശത്തെ പാവപ്പെട്ടവർക്കാണ് ഭൂമി നൽകേണ്ടതെന്നും പുറത്തുനിന്നുള്ളവർക്ക് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.