ഏക സിവിൽകോഡ്: കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല - വി.ഡി സതീശൻ

കൊച്ചി: ഏക സിവിൽകോഡ് സംബന്ധിച്ച് കോൺഗ്രസിനോട് നിലപാട് വ്യക്തമാക്കാൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സമസ്തയുമായി ബന്ധപ്പെട്ട ഒരാൾ നടത്തിയ അഭിപ്രായം മാത്രമാണത്. സമസ്തയുടെ ഏറ്റവും വലിയ നേതാവായ ജിഫ്രി തങ്ങൾ സമസ്തയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിൽ പൂർണ വിശ്വാസമാണെന്നും അവരുടെ അനുഭാവത്തോടുകൂടി മാത്രമേ ഏകസിവിൽ കോഡിനെ നേരിടാൻ പറ്റുകയുള്ളൂവെന്നും ജിഫ്രി തങ്ങൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ ഞാൻ മറുപടി പറയേണ്ടതില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

കോൺഗ്രസിനകത്ത് ഇക്കാര്യത്തിൽ ഒരു വ്യക്തതകുറവുമില്ല. ഏക സിവിൽകോഡ് പ്രായോഗികമല്ലായെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു ഹിന്ദു-മുസ്ലിം വിഷമയാണ് അവർ ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ഇത് മുസ്ലിം വിഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്. ഹിന്ദുക്കളിലെ തന്നെ വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയിലെ നിരവധി ഗോത്രവിഭാഗങ്ങളെ, അവരുടെ സംസ്കാരങ്ങളെ എല്ലാം ഇല്ലാതാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

കഴിഞ്ഞ മോദി സർക്കാർ വിഷയം കൊണ്ടുവന്നപ്പോൾ ഒരു കാരണവശാലും ഇത് നടപ്പാക്കേണ്ടതില്ല എന്ന് ലോ കമീഷൻ വ്യക്തമാക്കിയിരുന്നു. അതേ നിലപാടാണ് കോൺഗ്രസിനുള്ളത്. ഒരു ഡ്രാഫ്റ്റ് പോലും ആവാത്ത ഒന്നാണ് ഈ ഉയർത്തികാണിക്കുന്ന ഏകസിവിൽ കോഡ്. അതുകൊണ്ടാണ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കേണ്ടതില്ലല്ലോ. ഇതുവന്നാൽ എങ്ങനെ നേരിടണമെന്ന് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - uniform Civil Code: The League has not asked the Congress to clarify its position - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.