തൃശൂർ: കേന്ദ്ര ഊർജ മന്ത്രാലയം തയാറാക്കിയ റാങ്കിങ്ങിൽ കെ.എസ്.ഇ.ബിക്ക് മികച്ച നേട്ടം. മുൻവർഷം 25 ആയിരുന്ന റാങ്ക് 20ലേക്ക് ഉയർന്നു. ഊർജ ഉൽപാദനം, ഉൽപാദനച്ചെലവ്, ഊർജനഷ്ടം തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ഊർജമന്ത്രാലത്തിനുവേണ്ടി പവർ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് (പി.എഫ്.സി) പ്രതിവർഷ റാങ്കിങ് പട്ടിക പുറത്തിറക്കുന്നത്. കഴിഞ്ഞവർഷം 28.5 മാർക്കാണ് നേടിയിരുന്നതെങ്കിൽ ഇത്തവണ 60.8 ആയി. സി ഗ്രേഡിൽനിന്ന് ബിയിലേക്കാണ് വളർച്ച.
736 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയെന്ന നേട്ടത്തിന്റെ പിൻബലത്തിലാണ് കണക്കുകളിലെ പെരുമ വിശദീകരിക്കുന്നത്. ഒരു യൂനിറ്റ് വൈദ്യുതി ഉപഭോക്താവിലെത്തുമ്പോൾ 12 ശതമാനം നഷ്ടപ്പെടുന്നുണ്ട്. 2003-04 കാലഘട്ടതിൽ അത് 29 ശതമാനമായിരുന്നു. ഇപ്പോൾ ദേശീയ ശരാശരി 16.5 ശതമാനമായിരിക്കുമ്പോൾ സംസ്ഥാനത്തിന്റെ നേട്ടം നിർണായകമാണ്. ഊർജ നഷ്ടം കുറച്ചുകൊണ്ടുവരാനായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രസരണ വിതരണ-വാണിജ്യ നഷ്ടം 7.8 ശതമാനത്തിൽനിന്ന് 7.7 ശതമാനത്തിലേക്ക് കുറക്കാനായി. ഉൽപാനച്ചെലവും ഊർജനഷ്ടവും തമ്മിലെ അന്തരം 0.03ൽ നിന്ന് 2021ൽ -0.29ലേക്ക് താഴ്ത്താനായിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ലാഭക്കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വ്യത്യാസം പ്രകടമായത്. വൈദ്യുതി തുക ഈടാക്കുന്നതിലെ കഴിവ് റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. നിലവിൽ 92.3 ശതമാനമാണ് കാര്യക്ഷമത. വരുംവർഷം ഇത് 99ൽ എത്തിക്കാനാണ് നിർദേശം.
സർക്കാർ വകുപ്പിൽനിന്നുള്ള കുടിശ്ശികയിലാണ് കെ.എസ്.ഇ.ബി പിന്നോട്ടുപോയത്. മുൻവർഷത്തിൽനിന്ന് അൽപം മെച്ചപ്പെട്ടുവെങ്കിലും ജല അതോറിറ്റി ഉൾപ്പെടെ വകുപ്പുകളിൽ നിന്ന് വൻ കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ട്. ഈ ഇനത്തിൽ മൂന്ന് മാർക്കിൽ കെ.എസ്.ഇ.ബിക്ക് കിട്ടിയത് 1.5 മാത്രം. ഗവേണൻസ് എന്ന പരിഗണനയിൽ കെ.എസ്.ഇ.ബി പിന്തള്ളപ്പെട്ടുപോയി.
സംസ്ഥാന സർക്കാർ 100 ശതമാനം സബ്സിഡി തന്നുവെന്ന കെ.എസ്.ഇ.ബിയുടെ സാക്ഷ്യവും റിപ്പോർട്ടിലുണ്ട്. നിലവിൽ 73 ദിവസത്തിന്റെ ഇടവേളയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ വൈദ്യുതിത്തുക 45 ദിവസത്തിലേക്ക് മാറ്റാനുള്ള നിർദേശം റിപ്പോർട്ടിൽ സുസ്ഥിര ധന വിനിയോഗത്തിൽ വ്യംഗ്യമായി സൂചിപ്പിക്കുന്നുണ്ട്. അതായത് രണ്ട് മാസത്തിന്റെ വൈദ്യുതി ബിൽ പ്രതിമാസമാക്കാനുള്ള സൂചനയാണ് റാങ്കിങ് റിപ്പോർട്ട് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.