ഒറ്റക്കെട്ടായി കള്ളക്കേസിനെ പ്രതിരോധിക്കും; സുധാകരനെ രാജിവെക്കാൻ സമ്മതിക്കില്ലെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെതിരെ വ്യാജ കേസുണ്ടാക്കി അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ അവരുടെ വൈര്യനിര്യാതനബുദ്ധി ഒന്നുകൂടി പ്രകടിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞ് കിടക്കുകയാണ് സര്‍ക്കാര്‍. ചെളിക്കുണ്ടില്‍ കിടക്കുന്നവര്‍ അവിടെ എഴുന്നേറ്റ് നിന്ന് മറ്റുള്ളവരുടെ മേല്‍ ചെളി തെറിപ്പിക്കുകയാണ്. ആ ചെളി ഞങ്ങളുടെ മേല്‍ തെറിപ്പിക്കാമെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ അത് നടക്കില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും നാണംകെട്ട് കേരളത്തിന് മുന്നില്‍ നില്‍ക്കുകയാണ്. അതില്‍ നിന്നും രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് സി.പി.എം.

കെ. സുധാകരന്‍ ഒറ്റക്കല്ല, ജനാധിപത്യ കേരളം ഒറ്റക്കെട്ടായിനിന്ന് കള്ളക്കേസിനെ പ്രതിരോധിക്കും. കോണ്‍ഗ്രസും യു.ഡി.എഫും സുധാകരനൊപ്പം ഒറ്റക്കെട്ടാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ചങ്ക് കൊടുത്തും ഞങ്ങള്‍ കെ.പി.സി.സി അധ്യക്ഷനെ സംരക്ഷിക്കും. കേസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നു മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ അദ്ദേഹം തയാറായില്‍ പോലും പാര്‍ട്ടി അതിന് അനുവാദം നല്‍കില്ല. രാഷ്ട്രീയവും നിയമപരവുമായ എല്ലാ കവചവും സുധാകരന് കോണ്‍ഗ്രസ് ഒരുക്കിക്കൊടുക്കും.

ജീവന്‍ കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ സംരക്ഷിക്കും. സുധാകരനെ ചതിച്ച് ജയിലില്‍ അടക്കാന്‍ പിണറായി ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തെ പിന്നില്‍നിന്ന് കുത്തില്ല. കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെ.പി.സി.സി അധ്യക്ഷന്‍ കള്ളക്കേസില്‍ ജയിലില്‍ അടക്കപ്പെട്ടേനെ. ആര് മൊഴി നല്‍കിയാലും പൊലീസ് കേസെടുക്കുമോ? സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലും ആരോപണത്തില്‍ കേസെടുത്തോ? അഴിമതി കാമറ, കെ ഫോണ്‍, മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ അഴിമതികളില്‍ തെളിവ് സഹിതം ഗുരുതര അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിട്ടും കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ആരുടെയെങ്കിലും കൈയില്‍ നിന്നും പരാതി എഴുതി വാങ്ങി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍പ്പെടുത്തുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

സര്‍ക്കാറിന്റെ എല്ലാ വൃത്തികേടുകളെയും തുറന്ന് കാട്ടാനുള്ള സമര പരമ്പരകളും പ്രതിഷേധവും ഇന്നലെ മുതല്‍ സംസ്ഥാനത്ത് എല്ലായിടത്തും നടക്കുകയാണ്. അത് തുടരും. ഈ മാസം നാലിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് നടത്തും. സര്‍ക്കാറിനെ തുറന്നു കാട്ടാനുള്ള സമര പരിപാടികളുമായി കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Unitely defend against Sudhakaran's fraud case -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.