കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽമാർ സ്വീകരിക്കുന്ന അച്ചടക്ക നടപടി റദ്ദാക്കാനോ ഭേദഗതി വരുത്താനോ സർവകലാശാല ബോർഡ് ഓഫ് അഡ്‌ജുഡിക്കേഷന് അധികാരമില്ലെന്ന് ഹൈകോടതി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്ക നടപടികൾ റദ്ദാക്കാനും ഭേദഗതി ചെയ്യാനും ബോർഡ് ഓഫ് അഡ്‌ജുഡിക്കേഷന് അധികാരം നൽകുന്ന എം.ജി സർവകലാശാല വിദ്യാർഥി പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ ജസ്റ്റിസ് രാജ വിജയരാഘവൻ അസാധുവാക്കി.
കോളജ് പ്രിൻസിപ്പൽമാർ സ്വീകരിച്ച അച്ചടക്ക നടപടികളിൽ ബോർഡ് ഓഫ് അഡ്‌ജുഡിക്കേഷൻ ഇടപെടുന്നത് ചോദ്യം ചെയ്ത് അരുവിത്തുറ സെന്റ് ജോർജ് കോളജ് മാനേജറടക്കം വിവിധ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകൾ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ബോർഡ് ഓഫ് അഡ്‌ജുഡിക്കേഷന് അച്ചടക്ക നടപടി നിയമപരമാണോയെന്ന് പരിശോധിക്കാനേ അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. നടപടി നിയമപരമല്ലെന്ന് കണ്ടാൽ അംഗീകാരം നൽകാതിരിക്കാം. ഇതിനപ്പുറം അധികാരമില്ല. എന്നാൽ, ബോർഡ് ഇതുവരെ സ്വീകരിച്ച നടപടികൾ ഇതിന്റെ പേരിൽ റദ്ദാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.