സ്വന്തം കേസ് നടത്താൻ സർവകലാശാല പണം; വി.സിമാർ 1.13 കോടി തിരിച്ചടക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: സ്വന്തം കേസുകൾ നടത്താൻ സർവകലാശാല ഫണ്ടിൽനിന്ന് 1.13 കോടി രൂപ ചെലവിട്ട സർവകലാശാല വി.സിമാരുടെ നടപടി ധനദുർവിനിയോഗമാണെന്നും തുക അടിയന്തരമായി തിരിച്ചടക്കാനും ചാൻസലറായ ഗവർണറുടെ ഉത്തരവ്. വി.സി നിയമനങ്ങൾക്കെതിരായ കേസുകൾ നേരിടാൻ 1.13 കോടി വിവിധ സർവകലാശാലകളുടെ ഫണ്ടിൽനിന്ന് ചെലവഴിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയെ രേഖാമൂലം അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഉത്തരവ്.

കണ്ണൂർ വി.സി ആയിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ 69.25 ലക്ഷം രൂപയും, ഫിഷറീസ് (കുഫോസ്) സർവകലാശാല വി.സിയായിരുന്ന ഡോ. റിജി ജോൺ 35.71 ലക്ഷം രൂപയുമാണ് വി.സി നിയമനം സംബന്ധിച്ച കേസിനായി സർവകലാശാല ഫണ്ടിൽനിന്ന് ചെലവഴിച്ചത്. സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും കാലിക്കറ്റ് വി.സി ഡോ.എം.കെ. ജയരാജ് 4.25 ലക്ഷം രൂപയും കുസാറ്റ് വി.സിയായിരുന്ന ഡോ.കെ.എൻ. മധുസൂദനൻ 77,500 രൂപയും മലയാളം സർവകലാശാല വി.സിയായിരുന്ന ഡോ.വി. അനിൽകുമാർ ഒരു ലക്ഷം രൂപയും, ഓപൺ സർവകലാശാല വി.സിയായിരുന്ന ഡോ. മുബാറക് പാഷ 53,000 രൂപയും സർവകലാശാല ഫണ്ടിൽനിന്നും ചെലവിട്ടതായും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹരജിയിൽ കോടതി ചെലവിനായി എട്ടു ലക്ഷം രൂപയും സർവകലാശാല ഫണ്ടിൽനിന്നും ചെലവാക്കി.

വി.സിമാരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയും സുപ്രീംകോടതിയിലും ഹൈകോടതിയിലും മുതിർന്ന അഭിഭാഷകർ മുഖേനയാണ് ഹരജികൾ ഫയൽ ചെയ്തത്. എന്നാൽ കേരള, എം.ജി, ഡിജിറ്റൽ സർവകലാശാല വി.സിമാരും ഹരജികൾ സമർപ്പിച്ചിരുന്നെങ്കിലും സർവകലാശാല ഫണ്ട്‌ ചെലവാക്കിയതായി നിയമസഭയിൽ നൽകിയ മറുപടിയിൽ ഇല്ല.

കാലിക്കറ്റ്‌ വി.സിയുടെ കാലാവധി വെള്ളിയാഴ്ച പൂർത്തിയാകാനിരിക്കെയാണ് കേസിന് ചെലവിട്ട തുക തിരിച്ചടയ്ക്കാനുള്ള ഉത്തരവ്. ഡോ. ഗോപിനാഥ് രവീന്ദ്രൻ നേരത്തേ ജോലി ചെയ്ത ഡൽഹി ജാമിഅ മില്ലിയയിലേക്ക് മടങ്ങിപ്പോയതിനാൽ അദ്ദേഹത്തിന്‍റെ ബാധ്യതവിവരം ഇപ്പോഴത്തെ കണ്ണൂർ വി.സി ഡൽഹി ജാമിഅയെ അറിയിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്.

Tags:    
News Summary - University money to make its own case; Governor wants VCs to pay back 1.13 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.