കൊച്ചി: അസ്വാഭാവിക മരണങ്ങളിൽ ആർ.ഡി.ഒയടക്കം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർ അന്വേഷിച്ച് കേസ് തീർപ്പാക്കിയാൽ അതിനുള്ള കാരണം ബന്ധുക്കളെ അറിയിക്കണമെന്ന് ഹൈകോടതി. ആത്മഹത്യക്കേസിലും വിവാഹശേഷം ഏഴു വർഷത്തിനുള്ളിൽ സ്ത്രീ മരിച്ച കേസുകളിലുമൊക്കെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനാണ് പൊലീസ് റിപ്പോർട്ട് നൽകുന്നത്. കുറ്റകൃത്യമാണെന്നു ബോധ്യപ്പെടാത്ത സംഭവങ്ങളിൽ തുടർ നടപടിയുണ്ടാവില്ല. ഇതു ബന്ധുക്കളെ അറിയിക്കാനും നിയമത്തിൽ വ്യവസ്ഥയില്ല. ഇതു നീതിനിഷേധമാണെന്നു വിലയിരുത്തിയാണ് തീരുമാനം മരിച്ച വ്യക്തിയുടെ ബന്ധുക്കളെ അറിയിക്കാൻ ഹൈകോടതി ഉത്തരവിട്ടത്.
ഭർതൃവീട്ടിൽ മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കേസിൽ അസ്വാഭാവികതയില്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ട് മലപ്പുറം വാഴയൂർ സ്വദേശി കൃഷ്ണൻ നൽകിയ ഹരജിയിൽ ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവിട്ടത്. 2017ലാണ് ഹരജിക്കാരന്റെ മകളുടെ വിവാഹം നടന്നത്. 2021 നവംബർ 25ന് മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നും ഈ സമയം മൂന്നു വയസ്സുള്ള മകൻ മുറിയിലുണ്ടായിരുന്നെന്നും ഹരജിയിൽ പറയുന്നു.
നേരത്തേ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനു പരാതി നൽകിയിരുന്നതാണെങ്കിലും ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ അനുസരിച്ച് പരിശോധന നടത്തി മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിയെന്നും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പ്രാഥമികാന്വേഷണം നടത്തി കേസ് തീർപ്പാക്കിയെന്നും ഹരജിയിൽ പറയുന്നു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. തുടർന്നാണ് പൊലീസ് റിപ്പോർട്ട് തള്ളണമെന്നും സ്ത്രീധന പീഡന മരണത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.