കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കുന്നത് വിലക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാറിന്റെ അപ്പീൽ ഹരജി. ശബ്ദ, വായു മലിനീകരണമുണ്ടാകുന്നുവെന്നും ആളുകൾക്ക് പരിക്കും വീടുകൾക്ക് കേടുപാടും ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി 2015ൽ മരട് വെടിക്കെട്ടുമായി ബന്ധപ്പെട്ട് നൽകിയ ഹരജിയിലെ ഉത്തരവാണ് സർക്കാർ ചോദ്യംചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
ഒരു ക്ഷേത്രത്തിലെ വെടിക്കെട്ടിനെതിരെ നൽകിയ ഹരജിയിൽ സംസ്ഥാനത്താകെ നിരോധനം ഏർപ്പെടുത്തിയത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന് അപ്പീലിൽ പറയുന്നു. ഹരജിയിൽ ഉന്നയിക്കാത്ത ആവശ്യങ്ങളിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. അസമയത്ത് വെടിക്കെട്ട് പാടില്ലെന്നാണ് ഉത്തരവ്. എന്നാൽ, അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാധനാലയങ്ങളിൽ അനധികൃതമായി വെടിക്കോപ്പുകൾ സൂക്ഷിക്കുന്നുണ്ടെന്ന് ആരും പരാതി ഉന്നയിക്കാതെതന്നെ അന്വേഷണത്തിന് നിർദേശിക്കുന്നതായും അപ്പീലിൽ പറയുന്നു. ക്ഷേത്രങ്ങളിലെ വെടിക്കെട്ടിന് നിയമപരമായ ഇളവ് സുപ്രീംകോടതി അനുവദിച്ചതാണെന്നും സർക്കാർ വിശദീകരിക്കുന്നു. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അപ്പീൽ ചൊവ്വാഴ്ച പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.