ബേപ്പൂർ: ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പുറപ്പെട്ട ഉരു കടലിൽ പാറയിൽ ഇടിച്ചുതകർന്നു. തമിഴ്നാട് കടലൂർ സ്വദേശി ആർ. ശിവശങ്കറിെൻറ ഉടമസ്ഥതയിലുള്ള 'എം.എസ്.വി. മഹാലക്ഷ്മി' ഉരുവാണ് തകർന്നത്. ബോട്ടിലുള്ള ഒമ്പത് ജീവനക്കാരെയും ഇന്ത്യൻ തീരദേശസേനയും ലക്ഷദ്വീപ് തുറമുഖ ജീവനക്കാരും പൊലീസും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
ഫെബ്രുവരി രണ്ടിന് നിർമാണ സാമഗ്രികളും അവശ്യ സാധനങ്ങളുമായി അഗത്തി ദ്വീപിലേക്ക് പുറപ്പെട്ട ഉരു നാലിന് വാർഫിൽ ചരക്കുകൾ ഭാഗികമായി ഇറക്കിയതിനുശേഷം ജെട്ടിയുടെ കിഴക്കുഭാഗത്ത് ഒന്നര നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടതായിരുന്നു. യാത്രാക്കപ്പൽ അടിയന്തരമായി വാർഫിൽ അടുപ്പിക്കാനുള്ള സൗകര്യത്തിന് വേണ്ടി, തുറമുഖ അധികൃതരുടെ നിർദേശപ്രകാരമാണ് ചരക്കുകൾ പൂർണമായും ഇറക്കുന്നതിനു മുമ്പ് ഉരു നങ്കൂരമിടുന്നതിനായി മാറിയത്.
അർധരാത്രിയോടെ പൊടുന്നനെ ആഞ്ഞുവീശിയ ചുഴലിക്കാറ്റിലും തിരമാലയിലും പെട്ട് നങ്കൂരം പൊട്ടി ഉരു ലക്ഷ്യമില്ലാതെ ഒഴുകുന്നതിനിടയിൽ കടലിനടിയിലെ പാറക്കല്ലിൽ ഇടിച്ച് തകരുകയായിരുന്നു. ശേഷിച്ച ചരക്കുകൾ മുങ്ങി. കടലൂർ സ്വദേശികളായ സ്രാങ്ക് മാരിമുത്തു (55), രഞ്ജിത് (45), ശങ്കർ (56), നാഗലിംഗം (62), വേലു (44), ശക്തിവേൽ (40), ചക്രപാണി (46), ഉദയൻ (35), ഗുജറാത്ത് ജാംനഗർ സ്വദേശി മുഹമ്മദ് സമീർ (42) എന്നിവരാണ് രക്ഷപ്പെട്ട ജീവനക്കാർ. ഇവരെ അടുത്തദിവസം തന്നെ യാത്രാകപ്പലിൽ കൊച്ചിയിലേക്കോ ബേപ്പൂരിലേക്കോ കയറ്റിവിടാനുള്ള ശ്രമത്തിലാണ് ലക്ഷദ്വീപ് അധികൃതർ.
115 അടി നീളവും 200 ടൺ ഭാരം വഹിക്കാൻ കഴിയുന്നതുമായ ഉരു ബാങ്ക് വായ്പയിൽ ആറുവർഷം മുമ്പ് കടലൂരിൽ നിർമിച്ചതാണ്. ഉരു നിശ്ശേഷം തകർന്നതിൽ മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. സീസൺ ആരംഭിച്ചതിന് ശേഷം, ബേപ്പൂരിൽനിന്നുള്ള രണ്ടാമത്തെ യാത്രയിലാണ് ദുരന്തം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.