കൊല്ലം: ഉത്ര വധക്കേസിൽ പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. സുരേഷിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. ഇതോടെ സുരേഷ് കേസിലെ ഒന്നാം സാക്ഷിയാകും. തന്നെ മാപ്പ് സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് നേരത്തേ പുനലൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കൊലപാതക കേസിൽ ഇയാൾ രണ്ടാം പ്രതിയായിരുന്നു.
ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിന് കൈമാറിയത് സുരേഷായിരുന്നു. ആദ്യം അണലിയേയും പിന്നീട് മൂർഖനേയുമായിരുന്നു നൽകിയത്. സുരേഷിന്‍റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകൾക്കായി പതിനായിരം രൂപയും നൽകിയിരുന്നു. പാമ്പിനെ അനധികൃതമായി കൈവശം വച്ചതിന് സുരേഷിനെതിരെ വനംവകുപ്പും കേസെടുത്തിരുന്നു. കൊല നടത്താനാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുരേഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
മാപ്പ് സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. സുരേഷിന്‍റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. സുരേഷിന്‍റെ മൊഴി ഉടൻ അന്വേഷണ സംഘം രേഖപ്പെടുത്തും. പാമ്പിനെ വിറ്റതടക്കമുള്ള കേസുകളിൽ പ്രതിയായതിനാൽ സുരേഷ് ഉടൻ ജയിൽ മോചിതനാകാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.