വിലക്കയറ്റം അനുഭവപ്പെടാത്തത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റം അനുഭവപ്പെടാത്തത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രമാണെന്ന് പ്രതിപ്രക്ഷ നേതാവ് വി.ഡി സതീശൻ. സെക്രട്ടേറിയറ്റ് അസോസിയേഷനും കലാസാംസ്കാരിക വിഭാഗമായ സരസും സെക്രട്ടേറിയറ്റ് വനിതാവേദിയും സമഷ്ടിയും സംയുക്തമായി സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്ത വിഭാഗം ജനങ്ങളും വിലക്കയറ്റത്തിൽ പെട്ട് നട്ടം തിരിയുകയാണ്. വില നിയന്ത്രണത്തിനുള്ള സർക്കാർ സംവിധാനങ്ങൾ വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു. ഓണക്കാലത്ത് മാവേലി സ്റ്റോറുകളിൽ അവശ്യ ഇനത്തിൽ പെട്ട സാധനങ്ങൾ പോലും കിട്ടാനില്ല. ജനം അവിടെയെത്തി വെറും കൈയോടെ തിരിച്ചുപോകുകയാണ്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ നിയമ സഭയെ പോലും തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള മറുപടിയാണ് സർക്കാർ നൽകിയത്.

സപ്ലൈകോക്ക് സർക്കാർ നൽകാനുള്ളത് 3500 കോടി രൂപയാണ്. അതു നൽകാൻ ഒരു ശ്രമവും ഭരണ നേതൃത്വം നടത്തുന്നില്ല. ഇങ്ങനെ പോയാൽ സപ്ലൈകോക്ക് കെ.എസ്.ആർ.ടി.സിയുടെ ഗതിയാവും ഉണ്ടാവുക. സർക്കാർ ജീവനക്കാർക്ക് ആറ് ഗഡു ഡി എ കുടിശ്ശിക വരുത്തിയിരിക്കുന്നു. സകലരും അരക്ഷിതരായ അവസ്ഥ കേരളചരിത്രത്തിൽ തന്നെ ആദ്യമാണ്.

കാരുണ്യത്തിന്റെയും കരുതൻറന്റെയും ആൾരൂപമായ ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ കാരുണ്യോദയം പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതിയിൻ കീഴിൽ 151 നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റും നിർധനരായ രോഗികൾക്ക് ചികിത്സാസഹായവും അദ്ദേഹം വിതരണം ചെയ്തു.

സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ് ഇർഷാദ് അധ്യക്ഷത വഹിച്ചു. സിനിമാ സീരിയൽ താരം സുമി മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി കെ. ബിനോദ്, ട്രഷറർ കെ.എം അനിൽകുമാർ, സരസ് പ്രസിഡൻറ് ലതീഷ്.എസ് ധരൻ, സെക്രട്ടറി എം. അജേഷ്, ട്രഷറർ ആർ രാമചന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - V. D. Satheesan said that only the Chief Minister and Ministers did not experience the price rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.